ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനറുതിയായി. ഇനി ഈ പാലം കടക്കാം. അലക്സ് നഗർ-കാഞ്ഞിലേരി പാലമാണ് പൂർത്തിയായത്. ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
നിരവധി പരാതികൾക്കും നിവേദനകൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമാണം തുടങ്ങിയത്. 2017ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും അഞ്ചുവർഷം കഴിഞ്ഞിട്ടും പാലത്തിന്റെ 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരന് സാധിച്ചില്ല. തുടർന്ന് സജീവ് ജോസഫ് എം.എൽ.എയും അലക്സ് നഗർ വികസന സമിതിയും മുൻകൈയെടുത്ത് കരാറുകാരനെ നീക്കി പാലം നിർമാണം റി ടെൻഡർ ചെയ്യുകയായിരുന്നു.
10.10 കോടി രൂപയാണ് നേരത്തേ പാലത്തിന്റെ നിർമാണത്തിന് വകയിരുത്തിയത്. ഇതിൽ ഐച്ചേരി-അലക്സ് നഗർ റോഡ് നിർമാണവും ഉൾപ്പെടും. 2019ൽ പാലത്തിന്റെ ഉയരം വർധിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ടെൻഡർ വിളിക്കുകയും ചെയ്തു. പുതിയ ടെൻഡറിൽ റോഡ് നിർമാണം ഒഴിവാക്കി 5.84 കോടി രൂപയാണ് പാലത്തിന് വകയിരുത്തിയത്. റോഡ് നിർമാണം ടെൻഡറിൽ നിന്നൊഴിവാക്കിയത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. റീ ടെൻഡറിൽ കെ.കെ. ബിൽഡേഴ്സാണ് അലക്സ് നഗർ പാലത്തിന്റെ നിർമാണച്ചുമതല ഏറ്റെടുത്തത്.
113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിച്ചത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കി. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം. അലക്സ് നഗർ പാലം യാഥാർഥ്യമായതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമായി. കണിയാർ വയൽ- കാഞ്ഞിലേരി - ഉളിക്കൽ റോഡ് നിർമാണം പൂർത്തിയായതോടെ അലക്സ് നഗർ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ഉളിക്കലിലേക്കും കണിയാർ വയലിലേക്കും എത്താനാകും.
പാലം പണി ഏറെക്കാലം നിലച്ചതോടെ ഇതോടൊപ്പം പൂർത്തിയാക്കേണ്ട സമീപന റോഡായ അലക്സ് നഗർ - ചെരിക്കോട്- ഐച്ചേരി റോഡിന്റെ വികസന പ്രവൃത്തികളും ആരംഭിക്കാനായില്ല. നിലവിലെ ടെൻഡറിൽ ഈ റോഡ് ഒഴിവാക്കിയാണ് തുക വകയിരുത്തിയത്. നന്നേ വീതി കുറഞ്ഞ റോഡ് തകർന്ന് കുഴികൾ നിറഞ്ഞതോടെ ഒരു വാഹനങ്ങൾക്കും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പാലം തുറക്കുന്നതോടെ ഈ വഴിയിലുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും. അറ്റക്കുറ്റ പണി നടത്തിയിട്ട് എട്ടുവർഷം കഴിഞ്ഞ ഈ റോഡ് ഉടനെ നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.