ശ്രീകണ്ഠപുരം: വളർത്തുമത്സ്യക്കർഷകരുടെ ദുരിതത്തിനറുതിയേകി വെൽഫെയർ പാർട്ടിയുടെ ഇടപെടൽ. വളർത്തുമത്സ്യ വിളവെടുപ്പിനും വിപണനത്തിനും സർക്കാർ സംവിധാനമില്ലാത്തതിനാൽ ദുരിതത്തിലായ കർഷകരുടെ അവസ്ഥ തിങ്കളാഴ്ച മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം കമ്മിറ്റി നേതൃത്വം രംഗത്തുവന്നത്. തുടർന്ന് ചേപ്പറമ്പിലെ ഉദയ സ്വാശ്രയ സംഘം പ്രവർത്തകരുടെ മത്സ്യകൃഷി വിളവെടുപ്പിനും വിപണനത്തിനുമാണ് വെൽഫെയർ അംഗങ്ങൾ തയാറായത്. വിവിധ പ്രദേശങ്ങളിൽനിന്ന് ഓർഡറുകൾ സ്വീകരിച്ച് വിൽപനക്ക് സൗകര്യമൊരുക്കുകയായിരുന്നു.
ഫിലോപ്പിയ, ആസാംവാള, കാർപ്പ്, കരിമീൻ തുടങ്ങിയ മത്സ്യങ്ങൾ ആവശ്യക്കാർക്ക് കി.ഗ്രാമിന് 250 രൂപക്കാണ് വിൽപന നടത്തിയത്. അതിവേഗത്തിൽതന്നെ വിളവെടുത്ത് മത്സ്യവിൽപന പൂർത്തിയായതോടെ കർഷകരും സന്തോഷത്തിലായി. വെൽഫെയർ പാർട്ടി ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻറ് സി.എച്ച്. മൂസാൻ ഹാജി, സെക്രട്ടറി ഷാജഹാൻ ഐച്ചേരി, യൂനിറ്റ് പ്രസിഡൻറ് കെ.പി. റഷീദ്, ഫസറുദ്ദീൻ ചെങ്ങളായി എന്നിവർ നേതൃത്വം നൽകി.
ഉദയസംഘം പ്രവർത്തകരായ വിജയൻ, രമണൻ, മധു, ജോഷി, ലാലു എന്നിവർ വെൽഫെയർ പ്രവർത്തകരോടുള്ള നന്ദിയും അറിയിച്ചു. വരുംദിനങ്ങളിലും വളർത്തുമത്സ്യകൃഷി വിളവെടുപ്പിനും വിപണനത്തിനും ദുരിതമനുഭവിക്കുന്നവർക്ക് സഹായമേകാൻ മുന്നിലുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.