എന്നു പൂർത്തിയാവും മലപ്പട്ടം-കണിയാർവയൽ റോഡുപണി?

ശ്രീകണ്ഠപുരം: കോടികൾ മുടക്കി പണി നടത്തുന്ന മലപ്പട്ടം-കണിയാർ വയൽ-അഡുവാപുറം-പാവന്നൂർ മൊട്ട റോഡ് പ്രവൃത്തി മന്ദഗതിയിൽത്തന്നെ. പണി ഇഴഞ്ഞുനീങ്ങിയതിനെത്തുടർന്ന് കിഫ്ബി മഞ്ഞപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇനിയും പ്രവൃത്തി വൈകിയാൽ ചുവന്ന പട്ടികയിൽ കയറ്റി ഫണ്ട് തടയുമെന്ന മുന്നറിയിപ്പുമുണ്ടായി. നേര​േത്ത റോഡുപണി നടത്തിപ്പിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.

ആദ്യഘട്ടത്തിൽ പല കലുങ്കുകളും ആവശ്യത്തിന് സാധനങ്ങൾ ഉപയോഗിക്കാതെയാണ് നിർമിച്ചതെന്നും അടിത്തറ കൃത്യമായി പണിയാതെ ഒരുക്കിയ കലുങ്കുകൾ വേഗത്തിൽ തകരാനിടയാക്കുമെന്നും കാണിച്ച് നാട്ടുകാർ കലക്ടർക്കുൾപ്പെടെ പരാതി നൽകിയിരുന്നു.

സംഭവം വിവാദമായതോടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മലപ്പട്ടത്ത് യോഗം ചേരുകയും നിർമാണപ്രവൃത്തിയിലെ പോരായ്മകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് കലുങ്കുകളും മറ്റും കൃത്യമായ രീതിയിൽ നിർമിക്കാനും റോഡുപണി വേഗത്തിലാക്കാനും നിർദേശം നൽകി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണി മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. കലുങ്കി​െൻറ പണി ഏറക്കുറെ പൂർത്തിയായിട്ടുണ്ടെങ്കിലും ഓടകളുടെയും നടപ്പാതയുടെയും നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. അഡുവാപുറത്ത് ഒരു കലുങ്ക് വീതികൂട്ടി പണിയാനുമുണ്ട്.

മണ്ണിട്ടുയർത്തൽ പ്രവൃത്തിയും ചിലയിടങ്ങളിൽ നടക്കാനുണ്ട്. റോഡിന് വീതി കൂടുന്നതിനാൽ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കൽ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇത് ഏറെ വൈകിയാണ് ആരംഭിച്ചത്. റോഡരികിൽകൂടി വെള്ള പൈപ്പ് സ്ഥാപിക്കൽ വൈകുന്നതും പണി മന്ദഗതിയിലാകാൻ കാരണമായി. നാമമാത്ര ഭാഗങ്ങളിൽ മുഴുവൻ പണിയും തീർക്കാതെ ടാറിങ്​ നടത്തിയത് റോഡ് വേഗത്തിൽ തകരാനിടയാക്കുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

കണ്ണൂർ-മയ്യിൽ-കണിയാർ വയൽ-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന ബസുകളും മറ്റു വാഹനങ്ങളും നാട്ടുകാരും റോഡുപണി ഇഴഞ്ഞു നീങ്ങുന്നതിനാൽ ഏറെ ദുരിതമാണനുഭവിക്കുന്നത്. നിലവിലെ റോഡ് 12 മീറ്റർ വീതിയിലാക്കി വളവും കയറ്റവും കുറച്ച് കലുങ്കും ഓടയും നടപ്പാതയും നിർമിച്ച് ഏഴു മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്താനാണ് പദ്ധതി. കിഫ്ബിയുടെ 28.86 കോടി ചെലവിലാണ് ഇവിടെ 13 കിലോമീറ്റർ റോഡുപണി നടത്തുന്നത്.

Tags:    
News Summary - When will the Malappattam-Kaniyarvayal road project be completed?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.