ശ്രീകണ്ഠപുരം: പയ്യാവൂർ പാടാംകവല പ്രദേശങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ടാം ദിനവും പ്രദേശത്തു ഭീതി പരത്തി. പാടാംകവല മദർ തെരേസ പള്ളി വികാരി ഫാ. ജിസ് കളപ്പുരക്കലിന്റെ വാഹനത്തിനുനേരെ ആനക്കൂട്ടം ആക്രമിക്കാൻ ഓടിയടുത്തെങ്കിലും കാർ വെട്ടിച്ചു മാറ്റി ഓടിച്ചതിനെ തുടർന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഏറ്റുപാറ പള്ളിയിൽ കുർബാന അർപ്പിച്ചു മടങ്ങുന്ന വഴിയാണ് വികാരി ആനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടത്.
ദിവസങ്ങളായി മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ആന, പള്ളി വികാരിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ മേഖലയിൽ ആളുകൾ ഭയവിഹ്വലരാണ്. പാടാംകവല വനം വകുപ്പ് ഓഫിസിന് അടുത്താണ് ആന ആക്രമിക്കാൻ ശ്രമിച്ചത്.
ആനശല്യം രൂക്ഷമായതിനെ തുടർന്ന് മേഖലയിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചായത്ത് സൗരോർജ വേലി സ്ഥാപിച്ചതോടെ ആനശല്യം അവസാനിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ആക്രമണം ദിനംപ്രതി വർധിച്ചുവരുകയാണുണ്ടായത്.
പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തികളിൽ സൗരോർജ തൂക്കുവേലിയൊരുക്കിയിട്ടും ആനകളിറങ്ങുന്നത് വിവാദമായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തി പത്തോളം ആനകളെ കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. കേരള വനത്തിലും അതിർത്തിയിലെ കാടുവെട്ടി തെളിക്കാത്ത സ്വകാര്യ ഭൂമിയിലും ഇനിയും കാട്ടാനകളുണ്ടാവുമെന്നും തുടർച്ചയായ പരിശ്രമത്തിലൂടെ മാത്രമേ എല്ലാ ആനകളെയും കാട്ടിലേക്ക് തുരത്താൻ സാധിക്കുകയുള്ളൂവെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.