കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. എസ്.എൻ പാർക്കിനടുത്തുള്ള കഫേ മൈസൂൺ, താളിക്കാവിലെ ബിനാലെ ഇന്റർനാഷനൽ, തളാപ്പിലെ ഹോട്ട് പോട്ട്, താവക്കര റോഡിലെ ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് വൻതോതിൽ പഴകിയ ഭക്ഷണം പിടികൂടിയത്.
ദുർഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും കരി ഓയിലിന്റെ നിറമുള്ള വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയിൽ ഉൾപ്പെടും. പഴകി പൂപ്പൽ പിടിച്ച ബീഫ്, മട്ടൻ, മത്സ്യം തുടങ്ങിയവയും ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയും പിടിച്ചെടുത്തു. വ്യാഴാഴ്ച താണയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മികച്ചതെന്ന് അവകാശപ്പെടുന്ന റസ്റ്റാറന്റുകളിലാണ് വെള്ളിയാഴ്ച പരിശോധന നടന്നത്. തലേദിവസം ബാക്കിയാവുന്ന ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് പിറ്റേ ദിവസം ചൂടാക്കി നൽകുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
ഓണാഘോഷം പ്രമാണിച്ച് നഗരത്തിൽ എത്തുന്നവർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന. കോർപറേഷൻ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി. ബൈജു, എസ്.എച്ച്.ഐമാരായ സി. ഹംസ, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്.
രണ്ടാഴ്ച മുമ്പ് താവക്കര, ആയിക്കര, പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിലെ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ചെറിയ ശിക്ഷയും കുറഞ്ഞ പിഴ തുകയുമായതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.