കണ്ണൂർ: ഹാൻവീവിൽ നിന്ന് (കേരള സംസ്ഥാന കൈത്തറി വികസന കോര്പറേഷന്) വിരമിച്ചവർക്ക് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. വിരമിക്കുമ്പോൾ ലഭിക്കേണ്ട ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാതെ വിരമിച്ച ജീവനക്കാർ ദുരിതത്തിലാണ്.
കണ്ണൂർ ജില്ലയിലടക്കം സംസ്ഥാനത്താകെയുള്ള പെൻഷൻകാരാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ കഴിയുന്നത്. വാർധക്യകാലത്ത് രോഗം വന്നാൽ ആശുപത്രിയിൽ പോകാൻ പോലും കൈനീട്ടേണ്ട അവസ്ഥയാണെന്ന് ഇവർ പറയുന്നു. അർധസർക്കാർ സ്ഥാപനമായ ഹാൻവീവ്, കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി, വ്യവസായ വകുപ്പിന് കീഴിൽ കണ്ണൂര് ആസ്ഥാനമായി 1968ല് രൂപം കൊണ്ടതാണ്.
കേരള സർക്കാറിന്റെ മൂന്ന് ശമ്പള പരിഷ്കരണത്തിലും ഉൾപ്പെടാതിരുന്നതിനാൽ തുച്ഛമായ വേതനം പറ്റി ജോലി ചെയ്തവർക്കാണ് വിരമിച്ചപ്പോൾ വെറുംകൈയോടെ ഇറങ്ങിപ്പോകേണ്ടി വന്നത്. 2004ൽ നടപ്പിലായ എട്ടാം ശമ്പള കമീഷൻ പ്രകാരമുള്ള ശമ്പളമാണ് ഇപ്പോൾ ഹാൻവീവിൽ ലഭിക്കുന്നത്.
2004 മുതലുള്ള ക്ഷാമബത്ത കുടിശ്ശികയും ലഭിച്ചിട്ടില്ല. അതിനാൽ വിരമിക്കുന്ന ജീവനക്കാരിൽ 90 ശതമാനം പേർക്കും ലഭിക്കാനുള്ളത് തുച്ഛമായ ആനുകൂല്യങ്ങളാണ്. പി.എഫ് പെൻഷന് കീഴിൽ വരുന്ന ജീവനക്കാർക്ക്, അത് ലഭിക്കാനാവശ്യമായ രേഖകളും വിരമിക്കുമ്പോൾ നൽകുന്നില്ല.
ആനുകൂല്യങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങുമ്പോൾ, ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്ന മറുപടിയാണ് കോർപറേഷൻ അധികൃതരിൽ നിന്ന് ലഭിക്കുന്നത്.
ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെതിരെ പെൻഷൻകാർ കോടതിയെ സമീപിച്ചപ്പോൾ, എല്ലാ മാസവും രണ്ടു ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരു വർഷമായി അതും നടപ്പിലാക്കുന്നില്ല. ഇതിനെതിരായി പ്രക്ഷോഭരംഗത്ത് ഇറങ്ങാനാണ് ഹാൻവീവ് പെൻഷൻകാരുടെ തീരുമാനം.
ഇതിനുമുന്നോടിയായി ഹാൻവീവ് ചെയർമാനും മാനേജിങ് ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കണ്ണൂരിലെ ഹാൻവീവ് ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹം അടക്കമുള്ള സമരമുറകൾ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് പെൻഷൻകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.