ന്യൂമാഹി: മങ്ങാട്, പള്ളിപ്രം പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. ഇരുചക്ര വാഹന യാത്രികന്റെ പിറകെ നായ് ഓടിയതിനെ തുടർന്ന് വാഹനം മറിഞ്ഞുവീണ് യുവാവിന് സാരമായി പരിക്കേറ്റു. പള്ളിപ്രം സ്വദേശികളായ ഡ്രൈവർ രമേശൻ (45), അരയാക്കണ്ടി ബാലൻ (75), ഭിന്നശേഷിയുള്ള ആരിഫ് (50), മാഹിയിലെ രാജൻ (58) എന്നിവർക്കാണ് നായുടെ കടിയേറ്റത്. ആരിഫിനും രമേശനും കാലിനും കൈക്കും സാരമായി മുറിവേറ്റു. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടു വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ആരിഫിന് വെള്ളിയാഴ്ച പുലർച്ചയും മറ്റുള്ളവർക്ക് ഉച്ചക്കുമാണ് കടിയേറ്റത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വാക്സിൻ ലഭ്യമല്ലാതിരുന്നതിനാൽ എല്ലാവരും തലശ്ശേരിയിൽ നിന്നാണ് കുത്തിവെപ്പ് നടത്തിയത്. ഡ്രൈവർ രമേശൻ തലശേരി സഹകരണ ആശുപത്രിയിൽ നിന്നാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. മരുന്നിന്റെ വിലയായി 6,000 രൂപ നൽകിയതായി ബന്ധുക്കൾ പറഞ്ഞു. മാഹി ആശുപത്രിയിൽ നിന്നുള്ള പരിശോധനയിൽ അലർജിക്ക് സാധ്യതയുള്ളതിനാലാണ് സഹകരണ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തത് ന്യൂമാഹി ടൗണിലെ ടൂറിസ്റ്റ് ടാക്സി ഡൈവർ രമേശിനാണ് ബൈക്കിൽനിന്ന് വീണ് സാരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തലശ്ശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേലായുധൻ മൊട്ട താഴെ ഭാഗം, വാണുകണ്ട കോവിലകം ക്ഷേത്ര പരിസരം, പള്ളിപ്രം സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തെരുവു നായ്ളുക്കളുടെ താവളമാണ്. ഇതു വഴി വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഏറെ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. രാവിലെ പത്രവിതരണം നടത്തുന്നവരും മദ്റസകളിൽ പോകുന്ന കൊച്ചു കുട്ടികളും നേരത്തെ നായകളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.