കണ്ണൂർ: ജില്ലയിലെ ചെങ്കൽ ക്വാറികളിൽ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ല കലക്ടർ അരുൺ കെ. വിജയൻ നിർദേശം നൽകി. മാലിന്യം തള്ളുന്ന ക്വാറികളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും. ഒക്ടോബർ രണ്ടിന് തുടങ്ങുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ജില്ല തല നിർവാഹക സമിതി യോഗത്തിലാണ് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകിയത്. കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്കരണവും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർക്കും. ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ് ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർദേശിച്ചു.
2025 മാർച്ചിനകം ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ള മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ 93 മാലിന്യ സംസ്കരണ മാതൃകകൾ ഉദ്ഘാടനം ചെയ്യും. കണിച്ചാർ പഞ്ചായത്തിലെ നിടുംപൊയിൽ-വയനാട് റോഡിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നിർമിച്ച ‘ശുചിത്വ വേലി’ നാടിന് സമർപ്പിച്ചായിരിക്കും ജില്ലതല ഉദ്ഘാടനം. ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളും പൊതുഇടങ്ങളും തുടങ്ങി മാലിന്യ സംസ്കരണത്തിന്റെ സമസ്ത മേഖലകളിലുമുള്ള സുസ്ഥിര മാറ്റത്തിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഡി.പി.സി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, എ.ഡി.എം കെ. നവീൻ ബാബു, ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.