വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ് യാത്ര, പഴയ പാസ് ജൂണ്‍ 30 വരെ ഉപയോഗിക്കാം

കണ്ണൂർ: ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ് യാത്ര കണ്‍സെഷന്‍ പാസിന്റെ കാലാവധി നീട്ടി നല്‍കി. ജില്ലതല സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ മാര്‍ച്ച് 31 വരെ അനുവദിച്ച പാസിന്റെ കാലാവധി മേയ് 31വരെ നീട്ടിയിരുന്നു. ഈ കാലാവധിയാണ് ജൂണ്‍ 30 വരെ വീണ്ടും നീട്ടാന്‍ തീരുമാനമായത്.

പാസ് നല്‍കി യാത്രചെയ്യുന്ന വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ സ്വീകാര്യമല്ലാത്ത പെരുമാറ്റരീതിയില്‍ മാറ്റംവരുത്താന്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കും.

ജീവനക്കാരില്‍നിന്നും മോശമായ അനുഭവം ഉണ്ടായാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരാതി നല്‍കാം. പ്രിന്‍സിപ്പല്‍മാര്‍ ഈ പരാതി സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊലീസ് അധികാരികള്‍ക്കോ ജോയന്റ് ആര്‍.ടി.ഒക്കോ കൈമാറണം. ക്ലാസ് തുടങ്ങുന്ന ആദ്യദിവസം കുട്ടികള്‍ക്കായി വിദ്യാലയങ്ങളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍, ഡി.ഡി.ഇ ഓഫിസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസുടമകളുടെ സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, പാരലല്‍ കോളജ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.

Tags:    
News Summary - Students' private bus travel, old pass can be used until June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.