കണ്ണൂർ: കോവിഡ് കാലഘട്ടത്തിൽ പാഠ്യപ്രവർത്തനങ്ങളിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരും സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട വിദ്യാർഥികൾ അനുഭവിച്ച പ്രയാസങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ അടിയന്തരപ്രമേയം. ഡോ. ഇസ്മായിൽ ഒലായിക്കര അവതരിപ്പിച്ച പ്രമേയത്തിന് യോഗം അംഗീകാരം നൽകി. ഭാവിയിൽ ഇത്തരം സാഹചര്യത്തെ നേരിടാൻ ഈ പഠന റിപ്പോർട്ട് സഹായകമാകുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ പരീക്ഷ മൂല്യനിർണയം വിദ്യാർഥി സൗഹൃദപരമായി നടപ്പിലാക്കണമെന്ന ഡോ. സുരേഷ് കുമാറിെൻറ പ്രമേയവും അംഗീകരിച്ചു. സർവകലാശാല പഠനവകുപ്പുകളിലെ ലാബ് സൗകര്യങ്ങൾ കോളജുകളിലെ ഗവേഷക മാർഗനിർദേശകരായ അധ്യാപകർക്കുകൂടി ഉപയോഗിക്കാൻ അവസരം നൽകുക, അനധ്യാപക ജീവനക്കാർക്ക് പരിശീലനം നടത്താനുള്ള നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
നവകേരളം യുവകേരളം 'സി.എം അറ്റ് കാമ്പസ്' പരിപാടിയിൽ വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് മുൻഗണന നൽകി നടപ്പിലാക്കണമെന്ന ഡോ. ഇസ്മായിൽ ഒലായിക്കരയുടെ പ്രമേയം അംഗീകരിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ വി.സി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.