എടക്കാട്: എടക്കാട് ഭൂതത്താൻകുന്ന് ഇടിയുന്നത് ദേശീയപാതയുടെ സർവിസ് റോഡുവഴിയുള്ള യാത്ര ദുരിതമാക്കുന്നു. കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന കിഴക്കുഭാഗം സർവിസ് റോഡിനാണ് കുന്നിടിച്ചിൽ ഭീഷണി നേരിടുന്നത്.
പുതിയ ദേശീയപാതക്ക് സർവിസ് റോഡിനുൾപ്പെടെ കുന്നിന്റെ ഏതാനും ഭാഗം ഇടിച്ചുനിരത്തി 100 മീറ്ററിലധികം നീളത്തിൽ ആഴത്തിൽ കുഴിയെടുത്താണ് ഇവിടെ സുരക്ഷ ഭിത്തി കെട്ടിയത്. ഭിത്തിയുടെ കോൺക്രീറ്റ് നിർമാണം പൂർത്തിയാക്കാതെ പകുതിക്കുവെച്ച് നിർത്തിയത് കാരണം കുന്നിൽനിന്ന് മണ്ണിറങ്ങി ഭിത്തിക്കും ബാക്കിവന്ന കമ്പിക്ക് മുകളിലും മണ്ണും ചളിയും അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇത് തുടർ നിർമാണത്തെയാണ് സാരമായി ബാധിക്കുക.
ഭിത്തി കെട്ടാതെ ഒഴിച്ചിട്ട ഭാഗത്തുകൂടി മണ്ണിറങ്ങുന്നത് തടയാൻ കമ്പനി അധികൃതർ താൽക്കാലികമായി നിർമിച്ച സുരക്ഷ ഭിത്തികൾ കൊണ്ടുവെച്ചെങ്കിലും മണ്ണൊലിപ്പ് തടയുന്നതിന് പ്രയോജനപ്പെട്ടിട്ടില്ല. മഴ തുടരുകയാണെങ്കിൽ വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഇത് ഒരുപോലെ ദുരിതമാവും. കുന്നിൽനിന്ന് കൂടുതലായി മണ്ണും ചളിയും റോഡിലേക്ക് ഇറങ്ങുന്നതോടെ മഴവെള്ളം പോകുന്നതിന് നിർമിച്ച ഓവുചാലടയുന്നതിനും കാരണമാവും.
മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപത്തായി കണ്ണെത്താ ദൂരത്ത് തന്നെ കാണുന്ന ഭൂതത്താൻകുന്നിന്റെ തകർച്ചഭീഷണിയെ റോഡ് നിർമാണം ഏറ്റെടുത്ത കമ്പനി ഗൗരവത്തിലെടുത്തിട്ടില്ല. നിർമാണക്കമ്പനിയും പ്രാദേശിക ഭരണകൂടവും കൺമുന്നിൽ ഏത് സമയവും വന്നേക്കാവുന്ന അപകടം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അടിയന്തരമായി വിഷയത്തിൽ സർക്കാറിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തത്തിനുതന്നെ ഇത് വഴിവെക്കും.
ബലക്ഷയം നേരിടുന്ന കുന്നിൽ റോഡിനുവേണ്ടി ഏറ്റെടുത്ത ഭൂമി കഴിച്ചുള്ള ഭാഗത്ത് പകുതി പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ ഏതാനും ഭാഗം ഏതു നിമിഷവും തകർന്ന് റോഡിലേക്ക് വീഴാവുന്ന വിധത്തിലാണുള്ളത്. ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.