കണ്ണൂർ: സംസ്ഥാനത്ത് സമീപ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചൂട് കണ്ണൂരിൽ അനുഭവപ്പെട്ടതോടെ സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം. സാധാരണ സ്ഥിതിയിൽ കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാറ്. ഇതിൽനിന്ന് വ്യത്യസ്തമായി കുറച്ചുദിവസങ്ങളിലായി കണ്ണൂരിൽ ചൂടിന്റെ തോത് കൂടുതലാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ശരാശശി 37.05 ഡിഗ്രി സെൽഷ്യസ് ചൂട് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, കണ്ണൂരിൽ ഇത് 38 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയായി. കണ്ണൂർ നഗരത്തിൽ ഇത് 41 ഡിഗ്രി സെൽഷ്യസായി ഉയർന്നു. വ്യാഴാഴ്ച കണ്ണൂരിൽ 37.06 ഡിഗ്രി സെൽഷ്യസാണ് ചൂടിന്റെ തോത്.
മട്ടന്നൂരിൽ ഇത് 40.03 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. ചെമ്പേരി, അയ്യങ്കുന്ന്, ഇരിക്കൂർ എന്നിവിടങ്ങളിലും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടു. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ ഇക്കുറി വരൾച്ച രൂക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.
ജില്ലയിൽ അന്തരീക്ഷ താപം കൂടുതൽ അനുഭവപ്പെട്ടതിനാൽ സൂര്യാതപം, സൂര്യാഘാതം, പകർച്ചവ്യാധികൾ ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. നിർജലീകരണം തടയാൻ ഇടക്കിടക്ക് ശുദ്ധജലം കുടിക്കണം. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്. സൂര്യാഘാതം ഏറ്റാൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും അദ്ദേഹം അറിയിച്ചു.
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ മുതൽ അബോധാവസ്ഥ വരെ ഉണ്ടാകാം. വെയിലേറ്റുള്ള ശരീര ശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനം, ഛർദി, അസാധാരണമായി വിയർപ്പ്, കഠിന ദാഹം, മൂത്രത്തിന്റെ അളവ് വളരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം.
കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരുടെ ശരീരഭാഗം ചുവന്ന് തടിച്ച് വേദനയും പൊള്ളലും ഉണ്ടായാൽ ഉടൻതന്നെ വൈദ്യസഹായം തേടണം. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടായാൽ അവ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.