കണ്ണൂർ: കുടുംബങ്ങളിൽ വർധിച്ചുവരുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഇനി 'സ്വസ്ഥം' നിങ്ങളോടൊപ്പമുണ്ട്. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല വിമൻസ് പ്രൊട്ടക്ഷൻ ഓഫിസിന് കീഴിലാണ് കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള 'സ്വസ്ഥം' പദ്ധതിയുടെ ഓഫിസ് പ്രവർത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി, കുടുംബപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആഴ്ചയിൽ പ്രത്യേക ദിവസം നൽകി, പരിശീലനം ലഭിച്ച ഫെസിലിറ്റേറ്റർ മുഖേന പരിഹാര മാർഗം കണ്ടെത്തുന്നതാണ് പദ്ധതി. ഇതിനായി റിട്ട. അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഫെസിലിറ്റേറ്റർമാരുടെ പാനൽ തയാറാക്കിയിട്ടുണ്ട്. 'സ്വസ്ഥ'ത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പരാതികൾ ആദ്യഘട്ടത്തിൽ രണ്ട് ഫെസിലിറ്റേറ്റർമാരുടെ നേതൃത്വത്തിലുള്ള പാനൽ കേൾക്കും. തുടർന്ന് ആവശ്യമുള്ളവർക്ക് സൈക്കോളജിസ്റ്റുകളുടെ കീഴിൽ കൗൺസലിങ് നൽകും.
ആവശ്യമുള്ളവർക്ക് നിയമ സഹായവും തുടർ സഹായവും നൽകുന്ന ബൃഹദ് പദ്ധതിയാണ് വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമൻ പ്രൊട്ടക്ഷൻ ഓഫിസിനുകീഴിൽ വിഭാവനം ചെയ്തിരിക്കുന്നത്. ജനുവരി ഒന്നിന് തുടങ്ങിയ പദ്ധതിയിൽ ഇതുവരെയായി ഏഴ് പരാതികൾ രജിസ്റ്റർ ചെയ്തതായി വിമൻസ് പ്രൊട്ടക്ഷൻ ഓഫിസർ പി. സുലജ അറിയിച്ചു. പദ്ധതിയുടെ പരാതി കേൾക്കലിന് തിങ്കളാഴ്ച മുതൽ തുടക്കമാകുമെന്ന് അവർ അറിയിച്ചു.
'സ്വസ്ഥ'ത്തിനുപുറമെ പുനർവിവാഹത്തിന് താൽപര്യമുള്ള വിധവകൾക്ക് മികച്ച പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സഹായം നൽകുന്ന 'ഒപ്പം' പദ്ധതിക്കും മികച്ച രീതിയിലാണ് പ്രതികരണം. ഇതിനകം 52 പുരുഷന്മാരും 10 സ്ത്രീകളും പുനർവിവാഹം ലക്ഷ്യമിട്ട് പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്തു. വിവാഹത്തിന് തയാറായി മുന്നോട്ടുവന്നിട്ടുള്ള പുരുഷന്മാരുടെ പൊലീസ് വെരിഫിക്കേഷനും മറ്റും പൂർത്തിയായി. സ്ത്രീകളുടെ വെരിഫിക്കേഷനും പൂർത്തിയാക്കി വിവാഹം ഉടൻ നടത്താനാണ് തീരുമാനമെന്നും സുലജ അറിയിച്ചു.
വിധവ ഹെൽപ് ഡെസ്കിനുകീഴിൽ ഒരുക്കം, ജ്വാല, അമേയ, ഒപ്പം എന്നിങ്ങനെ നാല് പദ്ധതികളാണ് വിധവകളെ മുഖ്യധാരയിലെത്തിക്കുന്നതിനായുള്ളത്. വിധവകൾക്ക് സ്വയംതൊഴിൽ സംരംഭ പ്രോത്സാഹനം നൽകാൻ 'ഒരുക്കം', വിധവകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളെക്കുറിച്ചും സൈബർ നിയമങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാൻ 'ജ്വാല', കമ്പ്യൂട്ടർ പരിശീലനം-സാങ്കേതിക പരിശീലനം നൽകാൻ 'അമേയ' തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവ മാർച്ചോടുകൂടി തുടങ്ങും.
സ്വസ്ഥം' പദ്ധതിക്കുകീഴിൽ പരാതികൾ രജിസ്റ്റർ ചെയ്യാൻ 8129469393 എന്ന ഹെൽപ് ഡെസ്ക് നമ്പറിലേക്ക് മിസ്ഡ് കാൾ അടിച്ചാൽ മതി. തുടർന്ന് സമയബന്ധിതമായി ഫെസിലിറ്റേറ്റർ ഈ നമ്പറിൽ തിരിച്ചുവിളിച്ച് പരാതികൾ കേൾക്കും. ഇവർക്കുകൂടി സൗകര്യപ്രദമായ രീതിയിലുള്ള തീയതികളിൽ പരാതികൾ അതത് ഫെസിലിറ്റേറ്റർ കേൾക്കും. ആവശ്യമായ സഹായവും നിയമോപദേശവും നൽകും. രണ്ടുപേരടങ്ങുന്ന പാനലാണ് ഒരാളുടെ പരാതി കേൾക്കുക. രജിസ്റ്റർ ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.