കണ്ണൂർ: കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ ഉത്തരവിട്ടു. കണിച്ചാർ മലയമ്പാടി പ്ലാക്കൂട്ടത്തിൽ ഹൗസിൽ പി.സി. ജിൻസിന്റെ ഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫിസർ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള 28ാം മൈൽ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവൻ പന്നികളേയും അടിയന്തരമായി ഉന്മൂലനം ചെയ്ത് ജഡം മാനദണ്ഡങ്ങൾ പ്രകാരം മറവ് ചെയ്യണമെന്ന് ഉത്തരവിൽ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും റോഡ് ട്രാൻസ്പോർട്ട് ഓഫിസറുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തേണ്ടതാണ്. രോഗ വിമുക്ത മേഖലയിൽനിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം.
രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫിസർ, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കും.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ല ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി അധികൃതരും നൽകും. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫിസർമാർ, റൂറൽ െഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ വിവരം അറിയിക്കണം.
വെറ്ററിനറി ഓഫിസർ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള തുടർനടപടി സ്വീകരിക്കണം. ഫാമുകളിൽ ആവശ്യമായ അണുനശീകരണ, ഫ്യൂമിഗേഷൻ പ്രവർത്തനങ്ങൾ ഫയർ ആൻഡ് റെസ്ക്യൂ അധികൃതർ നടത്തേണ്ടതാണെന്നും ഉത്തരവിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.