കണ്ണൂർ: ഉദയഗിരി പഞ്ചായത്തിലെ വടക്കൻ ഞാലിപ്പറമ്പിൽ ടോണി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റു ആറ് ഫാമുകളിലെയും മുഴുവൻ പന്നികളെയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിന് പുറത്ത് 10 കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണമേർപ്പെടുത്താനും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു.
രോഗബാധിത മേഖലയിലെ മനീഷ് മോഹൻദാസ് കിളിർകുന്നേൽ, സുനിൽ ഉപ്പൻമാക്കൽ, ജിംസൺ മാത്യു പൂച്ചവാലേൽ, ബിജു കുട്ടിവേലിൽ, സതീഷ് കോണാട്ട്, പ്രമോദ് കുട്ടിമാക്കൽ എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലാണ് മറ്റു ആറ് പന്നിഫാമുകൾ. പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ല മൃഗസംരക്ഷണ ഓഫിസർ നിർദേശിച്ചു.
ഉദയഗിരി പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക്പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തും.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപവത്കരിച്ച് പ്രവർത്തനമാരംഭിക്കാനുള്ള നടപടി ജില്ല മൃഗസംരക്ഷണ ഓഫിസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കണം.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ല ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി അധികൃതരും നൽകേണ്ടതാണ്. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫിസർമാർ, റൂറൽ ഡെയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്റിറനറി ഓഫിസറെ വിവരം അറിയിക്കണം.
വെറ്റിറനറി ഓഫിസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണം. ഫയർ ആൻഡ് റെസ്ക്യൂ സർവിസിന്റെ നേതൃത്വത്തിൽ ഫാമുകളിൽ ഫ്യുമിഗേഷൻ നടത്താനും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.