അബ്ദുൽ ഖാദര്‍ കൊലപാതകം: ഭാര്യ ഷരീഫക്കെതിരെ ഗൂഢാലോചനക്കുറ്റം

തളിപ്പറമ്പ്: തളിപ്പറമ്പ് ബക്കളം അബ്ദുൽ ഖാദര്‍ കൊലപാതക കേസിൽ ഭാര്യ ഷരീഫക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം. ഖാദറിനെ കൊലപ്പെടുത്തി വായാട് റോഡരികില്‍ തള്ളിയ കേസില്‍ പത്താം പ്രതിയായിരുന്നു ഖാദറിന്‍റെ ഭാര്യ കെ. ഷരീഫ. കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അബ്ദുൽ ഖാദറിന്‍റെ മാതാവ് ഖദീജ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടർന്നുണ്ടായ പുനരന്വേഷണത്തിലാണ് ഷരീഫക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചത്.

2017 ജനുവരി 25നാണ് വായാട് റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ അബ്ദുൽ ഖാദറിനെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനത്തിലുണ്ടായ 42ലധികം വരുന്ന മുറിവുകളാണ് മരണകാരണമായതെന്ന് കണ്ടെത്തി. അന്ന് തളിപ്പറമ്പ് സി.ഐ ആയിരുന്ന കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി ആറു പ്രതികളെ അറസ്റ്റ്​ ചെയ്തു. ഭാര്യ ഷരീഫയെ പത്താം പ്രതിയായി ചേര്‍ത്താണ് പൊലീസ് അന്ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ മാറിയതിന് ശേഷം ഷരീഫയെ വേണ്ടരീതിയില്‍ ചോദ്യം ചെയ്തില്ലെന്നും ജാമ്യം അനുവദിച്ചെന്നും കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്നും ഖാദറിന്‍റെ മാതാവ് പരാതി പറഞ്ഞിരുന്നു. ഷരീഫയുടെ ഫോണ്‍കോളുകള്‍ പോലും പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നു.

കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍റെ മേൽനോട്ടത്തിൽ പരിയാരം സി.ഐ കെ.വി. ബാബുവാണ് അന്വേഷണം നടത്തിയത്. ഷരീഫയെ ചോദ്യം ചെയ്‌തശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്.

Tags:    
News Summary - Abdul Qadar murder: Conspiracy charge against wife Sharifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.