തളിപ്പറമ്പ്: തളിപ്പറമ്പിൽ സി.പി.എം ലോക്കൽ നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തിയ കോമത്ത് മുരളീധരനും അനുയായികൾക്കുമെതിരെ തൽക്കാലം നടപടിയെടുക്കേണ്ടെന്ന് സി.പി.എം ജില്ല നേതൃത്വം തീരുമാനിച്ചതായി സൂചന. നോർത്ത് ലോക്കൽ കമ്മിറ്റിയിലെ വിഭാഗീയതയിൽ പ്രതിഷേധിച്ച് മുരളീധരൻ അനുകൂലികളായ മാന്ധംകുണ്ടിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന മാന്ധംകുണ്ട് പടിഞ്ഞാറ് സെക്രട്ടറി ഡി.എം. ബാബു, കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ. സതീശൻ എന്നിവരാണ് രാജിവെച്ചത്. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് ഇരുവരും സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. അതിന് പിന്നാലെ, പുല്ലായ്െക്കാടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം അണികൾ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തിറങ്ങി. ഈ രണ്ടു വിഷയത്തിലും തൽക്കാലം നടപടി വേണ്ടെന്നാണ് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് തീരുമാനം. എന്നാൽ, പാർട്ടി കോൺഗ്രസിനുശേഷം, വിമത പ്രവർത്തനം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്. ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രനെ സ്ഥാനത്തുനിന്ന് നീക്കും വരെ പ്രതിഷേധം തുടരാനാണ് ഇവരുടെ തീരുമാനം. കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം പ്രവർത്തകർ തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് പ്രകടനം നടത്താനും ആലോചിക്കുന്നുണ്ട്. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.