തളിപ്പറമ്പ്: പരസ്യ പ്രതിഷേധവും പ്രകടനവും നടത്തിയതിനാലാണ് കോമത്ത് മുരളീധരൻ അടക്കമുള്ളവർക്ക് വിശദീകരണ നോട്ടീസ് നൽകിയതെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. വിശദീകരണ നോട്ടീസിന് മറുപടിക്കായി കാത്തിരിക്കുകയാണെന്നും നിലവിൽ പാർട്ടി അച്ചടക്ക നടപടി ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം വിഭാഗീയതയെ തുടർന്ന് മുരളീധരൻ ഇറങ്ങിപ്പോയി എന്ന തരത്തിലുള്ള തെറ്റിദ്ധാരണജനകമായ പ്രചാരണം വരുന്ന സാഹചര്യമുണ്ടായി. തെറ്റിദ്ധാരണ മൂലമാണ് ചിലർ പ്രകടനത്തിൽ പങ്കെടുത്തതും പോസ്റ്റർ പതിച്ചതുമെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, അതിന് സാഹചര്യമൊരുക്കിയതിെൻറ പേരിലാണ് ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ കോമത്ത് മുരളീധരനും നാല് ബ്രാഞ്ച് അംഗങ്ങൾക്കും പാർട്ടി വിശദീകരണ നോട്ടീസ് നൽകിയത്. നിലവിൽ കോമത്ത് മുരളീധരനെതിരെയോ മറ്റുള്ളവർക്കെതിരെയോ പാർട്ടി നടപടി ആലോചിച്ചിട്ടില്ല. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുതിയ ലോക്കൽ കമ്മിറ്റിയെയും ഏരിയ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തത് ഐകകണ്ഠ്യേനയാണ്. കോമത്ത് മുരളീധരൻ അടക്കമുള്ള 15 അംഗ കമ്മിറ്റിയെയും സെക്രട്ടറിയായി പുല്ലായ്ക്കൊടി ചന്ദ്രനെയുമാണ് തെരഞ്ഞെടുത്തത്.
സി.പി.എം മുന്നേറ്റത്തിൽ അസൂയപൂണ്ട എതിരാളികളുടെ പ്രചാരണത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ പാർട്ടി അണികൾ ജാഗ്രത പുലർത്തണം. പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവരും ഇത്തരം നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.