തളിപ്പറമ്പ്: കാക്കാഞ്ചാലിൽ ഫര്‍ണിച്ചര്‍ നിർമാണശാലയില്‍ വന്‍ തീപിടിത്തം. മരഉരുപ്പടികളും പണി തീർന്ന ഫർണ്ണിച്ചറും ഉൾപ്പെടെ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കാക്കാഞ്ചാലിൽ ചെപ്പനൂൽ റോഡിൽ പ്രവർത്തിക്കുന്ന റെഡ്വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച പുലർച്ച 4.45ഓടെ തീപിടിത്തം ഉണ്ടായത്.
ഫര്‍ണിച്ചര്‍ സൂക്ഷിച്ച ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ നാട്ടുകാരും അഗ്നിശമനസേനയും ശ്രമിച്ചതിനാലാണ് വൻ നഷ്ടം ഒഴിവായത്. ഫർണിച്ചർ നിര്‍മാണശാലയുടെ മേല്‍ക്കൂരയും ഉപകരണങ്ങളും പണി പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറും മര ഉരുപ്പടികളും പൂര്‍ണമായി കത്തിയമര്‍ന്നു. 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്നിന്ന് സ്റ്റേഷന് ഓഫിസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ രാജീവൻ, കെ. ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.