തളിപ്പറമ്പ്: തളിപ്പറമ്പ് മെയിൻ റോഡിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ബുധനാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വ്യാപാരികളുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചത്.
തളിപ്പറമ്പ് മാർക്കറ്റിന് സമീപം മെയിൻ റോഡിൽ പി.പി. മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയുള്ള അക്ബർ ട്രേഡേഴ്സിലാണ് ബുധനാഴ്ച രാത്രി 11.45 ഓടെ തീപിടിത്തം ഉണ്ടായത്. ഇതുവഴി കടന്നുപോയവർ ഷട്ടറിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതുകണ്ട് പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിന്നു.
സംഭവമറിഞ്ഞ നാട്ടുകാരും വ്യാപാരികളും ചെറിയ സമയം കൊണ്ടുതന്നെ ഒത്തുചേർന്ന് അഗ്നിരക്ഷാ സേനയോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീപിടിച്ച സ്ഥാപനത്തിന് തൊട്ടടുത്ത് പടക്കങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് ഉണ്ടായിരുന്നത്. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളും ലോകകപ്പ് ഫുട്ബാൾ സീസണും കണക്കിലെടുത്ത് പടക്കങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ ഉണ്ടായിരുന്നു.
വ്യാപാരികളും നാട്ടുകാരും ചേർന്ന് ഇവ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയും അഗ്നിരക്ഷാസേന തീ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തതോടെയാണ് മാർക്കറ്റ് മുഴുവൻ ചാമ്പലാവുമായിരുന്ന വൻ ദുരന്തം ഒഴിവാക്കാനായത്. കണ്ണൂർ റീജനൽ ഫയർ ഓഫിസർ പി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് യൂനിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ച് 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരി പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നും വീണ്ടും തീ ഉയർന്നതോടെ തളിപ്പറമ്പ് നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ സി.വി. ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.