കുറച്ച് വിറക് കൊണ്ട് പാചകം; ന്യൂജൻ അടുപ്പ് വൈറൽ

തളിപ്പറമ്പ്: പുതുതലമുറ അടുപ്പുകൾ വികസിപ്പിച്ചെടുത്ത് മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജ് സെന്റർ ഓഫ് എക്സലൻസ് വിഭാഗം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി സഹകരിച്ചാണ് ഈ അടുപ്പുകൾ തയാറാക്കിയത്. പാചകവാതക വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് അഗ്നിമിത്ര, അഗ്നി സഖി എന്നീ പേരുകളിൽ പുതുതലമുറ അടുപ്പുകൾ പുറത്തിറക്കിയത്. കുറഞ്ഞ ചെലവും കൂടുതൽ ഇന്ധനക്ഷമതയുമുള്ള വിറക് അടുപ്പുകളാണ് ഇവ.

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രഫ. എച്ച്.എസ്. മുകുന്ദയാണ് അഡ്വാൻസ്ഡ് ബയോമാസ് കോമ്പോസിഷൻ ഡിവൈസ് എന്ന സാങ്കേതിക വിദ്യയിലൂടെ ഇവ വികസിപ്പിച്ചെടുത്തത്. വീടുകളിലെ സാധാരണ അടുപ്പുകളിൽ എട്ടു ശതമാനം മാത്രമാണ് വിറകിന്റെ ചൂട് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. എന്നാൽ, അഗ്നി മിത്ര, അഗ്നിസഖി എന്നീ അടുപ്പുകളിൽനിന്ന് 41 ശതമാനം വിറകിന്റെ ചൂട് ആഗിരണം ചെയ്യാൻ പറ്റും. കത്താൻ ആവശ്യമായ വായു നൽകി പൂർണമായും പുകയില്ലാത്ത രീതിയിലാണ് ഈ അടുപ്പുകളുടെ പ്രവർത്തനമെന്ന് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജ് സെന്റർ ഓഫ് എക്സലൻസ് മേധാവി എ. സുകേഷ് പറഞ്ഞു. പുതുതലമുറ അടുപ്പുകളുടെ പ്രദർശനവും മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നടന്നു. നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് അടുപ്പുകൾ വികസിപ്പിച്ചെടുത്തത്. ഈ അടുപ്പ് ഒന്നര മാസം ഉപയോഗിക്കാൻ 400 രൂപയുടെ വിറക് മാത്രമാണ് ചെലവ് വരുന്നത്. കുതിച്ചുയരുന്ന പാചക വാതക വിലവർധനയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമാകുന്നതാണ് പുതുതലമുറ അടുപ്പുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.