തളിപ്പറമ്പ്: സമാന്തര മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തനം സജീവമാക്കുന്നു. മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്ന വിഭാഗം മന്നയിൽ ആസ്ഥാന മന്ദിരമൊരുക്കി. കൂടാതെ യൂത്ത് ലീഗും വനിത ലീഗും നഗരപരിധിയിൽ പ്രവർത്തനം സജീവമാക്കുകയാണ്.
തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗിനകത്തെ വിഭാഗീയത പരിഹരിക്കാനുള്ള ജില്ല - സംസ്ഥാന കമ്മിറ്റികളുടെ പ്രവർത്തനം അനന്തമായി നീളുകയാണ്. ഇതോടെയാണ് മുനിസിപ്പൽ പരിധിയിലെ പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്ന വിഭാഗം പ്രവർത്തനം സജീവമാക്കിയത്. കഴിഞ്ഞ ദിവസം കർഷക വേട്ടക്കെതിരായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ചൂട്ട് പരിപാടി ഇവർ മുനിസിപ്പൽ തലത്തിൽ നടത്തിയിരുന്നു. അതിന് പുറമെയാണ് മഹമൂദ് അള്ളാംകുളം അനുകൂലികൾ തളിപ്പറമ്പ് മന്നയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിക്കായി ആസ്ഥാന മന്ദിരം ഒരുക്കിയത്.
ഇതിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. ആദ്യഘട്ടത്തിൽ മുന്നൂറിലധികം പേരെ അണി നിരത്തി ശക്തിപ്രകടനം നടത്തിയ അള്ളാംകുളം അനുകൂലികൾ പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ കാമ്പയിൻ പ്രവർത്തനവും സജീവമാക്കി. അതിന് പുറമെ ലഹരി വിരുദ്ധ കാമ്പയിൻ, മന്ന- മദ്റസ റോഡ് തകർച്ച എന്നീ ജനകീയ വിഷയങ്ങളിലും ഇടപെട്ട് മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്ന വിഭാഗം യൂത്ത് ലീഗ് കമ്മിറ്റി പരിപാടികൾ സംഘടിപ്പിച്ചു. ഇവരുടെ പോഷക ഘടകമായ വനിത ലീഗിെൻറ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലനവും തുടങ്ങിയിട്ടുണ്ട്.
പി.കെ. സുബൈറിനെ അനുകൂലിക്കുന്ന മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയേക്കാൾ പ്രവർത്തനം കൊണ്ട് ഒരുപടി മുന്നിലാണ് തങ്ങളെന്ന പ്രതീതി അണികൾക്കിടയിൽ അള്ളാംകുളത്തെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പൽ ലീഗ് കമ്മിറ്റിക്ക് സാധിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം വിഭാഗീയത അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.