തളിപ്പറമ്പ്: ‘ഭൂമിക്ക് ജീവവായുനൽകൂയെന്ന’ സന്ദേശവുമായി ചുവർചിത്രം തയാറാക്കി സർ സയ്യിദ് സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിലാണ് കൂറ്റൻ ചുവർചിത്രം തയാറാക്കിയത്. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ കായകൽപ അവാർഡ് നേടുന്നതിനുള്ള താലൂക്ക് ആശുപത്രി അധികൃതരുടെ പരിശ്രമങ്ങൾക്ക് പിന്തുണയുമായാണ് വിദ്യാർഥികൾ ചുവർ ചിത്രം സമർപ്പിച്ചത്.
ശുചിത്വം ഉറപ്പാക്കുന്നതിലൂടെ രോഗികളിലും ജീവനക്കാരിലും അണുബാധ തടയുവാൻ സാധിക്കും. ഇതിനായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ നിരവധി ശുചിത്വ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കി വരുകയാണ്. ഈ സമയത്താണ് മികച്ച പ്രവർത്തനങ്ങൾ നടത്തി കായകൽപ അവാർഡും സ്വന്തമാക്കാൻ ശ്രമിക്കുന്നത്. സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളാണ് ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ പ്രകൃതി സംരക്ഷണ സന്ദേശമുൾക്കൊള്ളുന്ന കൂറ്റൻ ചുവർ ചിത്രമൊരുക്കി സമർപ്പിച്ചത്.
‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് വിദ്യാർഥികൾ ചിത്രവുമായി രംഗത്തിറങ്ങിയത്. വാർഡ് കൗൺസിലർ എം.കെ. ഷബിതയുടെയും സ്കൗട്ട് അധ്യാപകൻ നാഫിഹിന്റെയും നേതൃത്വത്തിലാണ് വിദ്യാർഥികളുടെ ചിത്ര രചന നടന്നത്.
സ്കൂൾ മാനേജർ മഹമൂദ് അള്ളാകുളം, പ്രധാനാധ്യാപകൻ മഹ്റൂഫ് എന്നിവർ ചേർന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രേഖ, സീനിയർ നഴ്സിങ് ഓഫിസർ ലളിത എന്നിവരുടെ സാന്നിധ്യത്തിൽ ചുവർചിത്രം നാടിന് സമർപ്പിച്ചു. കൗൺസിലർ സി. സിറാജ്, സർ സയ്യിദ് ഗൈഡ് ക്യാപ്റ്റൻമാരായ ഫായിസ, ജോഷിന, ഫബീന, സിറാജ്, കെ. റാഷിദ് എന്നിവരും വിദ്യാർഥികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.