തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ വിമത നേതാവ് കോമത്ത് മുരളീധരനും മകനുമുൾപ്പെടെ ആറുപേർക്കെതിരെ നോർത്ത് ലോക്കൽ കമ്മിറ്റി യോഗം അച്ചടക്കനടപടിക്ക് ശിപാർശ ചെയ്തതായി സൂചന. ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉൾപ്പെടെ പങ്കെടുത്ത യോഗമാണ് അച്ചടക്കനടപടിക്ക് ശിപാർശ ചെയ്തത്.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ സി.പി.എമ്മിനകത്ത് വിഭാഗീയത ആരോപിച്ചാണ്
കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നത്. തുടർന്ന് പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. സമ്മേളനത്തിൽ ഒരുവിഭാഗത്തെ വെട്ടിനിരത്തിയെന്നാരോപിച്ച് ലോക്കൽ നേതൃത്വത്തിനെതിരെ മുരളീധരൻ വിഭാഗക്കാർ പരസ്യ പ്രതിഷേധവും പോസ്റ്റർ പതിക്കലുമെല്ലാം നടത്തി. അതിന് പിന്നാലെയാണ് കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് ലോക്കൽ നേതൃത്വം വിശദീകരണ നോട്ടീസ് നൽകിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു മറുപടി നൽകാനുള്ള അവസാന സമയം. എന്നാൽ, ഈ ആറുപേരും വിശദീകരണം നൽകിയില്ല. തുടർന്ന് ബുധനാഴ്ച രാത്രി നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിലും ലോക്കൽ കമ്മിറ്റി അംഗമായ കോമത്ത് മുരളീധരൻ പങ്കെടുത്തില്ല. കൂടാതെ കഴിഞ്ഞ ദിവസം ഇവരുൾപ്പെടെ ചേർന്ന് മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ എന്ന കൂട്ടായ്മയും രൂപവത്കരിച്ചിരുന്നു. ഇതോടെയാണ് കോമത്ത് മുരളീധരനും മകൻ അമൽ, പാർട്ടി അംഗങ്ങളായ കെ.എം. വിജേഷ്, എം. വിജേഷ്, കെ. ബിജു, കെ.പി. സച്ചിൻ എന്നീ ആറ് പാർട്ടി മെംബർമാർക്കെതിരെ ലോക്കൽ നേതൃത്വം, മേൽഘടകത്തിന് നടപടിക്ക് ശിപാർശ ചെയ്തത്. രാജി സമർപ്പിച്ച ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിക്ക് ശിപാർശയില്ലത്രെ.
ബുധനാഴ്ച വൈകീട്ട് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് കോമത്ത് മുരളീധരനും മറ്റുള്ളവർക്കുമെതിരെ നടപടി സ്വീകരിക്കില്ലെന്ന് വാർത്താക്കുറിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെ ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണ് നടപടിക്ക് ശിപാർശ ചെയ്തത്. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ്, നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ എന്നിവർ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗമാണ് നടപടിക്ക് മേൽഘടകത്തോട് ശിപാർശ ചെയ്തത്. അടുത്ത ദിവസം തന്നെ ഏരിയ കമ്മിറ്റി യോഗം ചേർന്ന് ഈ വിവരം ജില്ല കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.