തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിം ലീഗിൽ ഗ്രൂപ്ഭ പോര് വീണ്ടും മുറുകുന്നു. മുനിസിപ്പൽ കമ്മിറ്റി മരവിപ്പിച്ച തീരുമാനം പിൻവലിച്ച ലീഗ് ജില്ല കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ പ്രത്യേക കൺവെൻഷൻ വിളിച്ചു ചേർത്തു. പ്രശ്നം പരിഹരിക്കാത്തതിനാൽ തുടർപ്രവർത്തനങ്ങൾ അടുത്ത ദിവസം പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തെതുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന മുസ്ലിം ലീഗ് ജില്ല കമ്മിറ്റി യോഗത്തിൽ ഒരുവിഭാഗം പ്രവർത്തകരെത്തി ബഹളം വെച്ചിരുന്നു. തുടർന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി മരവിപ്പിച്ച തീരുമാനം ജില്ല കമ്മിറ്റി പിൻവലിക്കുകയായിരുന്നു. ഇതോടെ തളിപ്പറമ്പിലെ വിഭാഗീയത പരിഹരിക്കാൻ ജില്ല കമ്മിറ്റി തയാറാക്കിയ സമവായം പാളുകയും ചെയ്തു. അതിനെ തുടർന്നാണ് മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്നവർ പ്രത്യേക കൺവെൻഷൻ വിളിച്ചുചേർത്തത്. നേരത്തേ സമവായ ശ്രമങ്ങളുടെ ഭാഗമായി ജില്ല കമ്മറ്റി ഇടപെട്ട് മരവിപ്പിച്ച മുനിസിപ്പൽ ലീഗ് കമ്മിറ്റി പുനരുജ്ജീവിപ്പിച്ചത് അംഗീകരിക്കേണ്ടെന്ന് കൺവെൻഷൻ തീരുമാനിച്ചതായി അറിയുന്നു.
ഇവർ സംഘടിപ്പിച്ച കൺവെൻഷനിൽ കഴിഞ്ഞ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളും നഗരസഭാ കൗൺസിലർമാരും മറ്റു പോഷക സംഘടനാ നേതാക്കളുമായി അള്ളാംകുളം മഹമ്മൂദിനെ അംഗീകരിക്കുന്ന നൂറിലേറെ പേർ പങ്കെടുത്തു. മുനിസിപ്പൽ തലത്തിലും ശാഖാതലത്തിലും വിപുലമായ യോഗങ്ങൾ വിളിക്കാനും തീരുമാനമെടുത്തതായാണ് വിവരം.
മറുവിഭാഗമായ പി.കെ. സുബൈർ -ഇഖ്ബാൽ വിഭാഗവും ചില കരുനീക്കങ്ങൾ നടത്തുന്നതായി സൂചനയുണ്ട്. നേരത്തേ ഉണ്ടായ ഗ്രൂപ് തർക്കങ്ങളുടെ പേരിൽ നഗര ഭരണം തന്നെ പ്രതിസന്ധിയിലായിരുന്നു. അതിനേക്കാൾ രൂക്ഷമായ നിലയിലേക്കാണ് ഇപ്പോഴത്തെ വിഭാഗീയത നീങ്ങുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് ഉചിതമായ തീരുമാനം അടിയന്തരമായി കൈക്കൊള്ളണമെന്നാണ് ആദ്യകാല ലീഗ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.