ആരോമലിന്റെ മൃതദേഹം കരക്കെത്തിക്കുന്നു

നാടിന്റെ പ്രാർഥനക്ക് ആരോമലിനെ തിരിച്ചെത്തിക്കാനായില്ല

തളിപ്പറമ്പ്: നാടിന്റെ പ്രാർഥന വിഫലമാക്കി ആരോമലിന്റെ ചേതനയറ്റ ദേഹം കണ്ടെത്തി. പട്ടുവം പരണൂലിലെ ആരോമലിനെ വ്യാഴാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പം വെള്ളിക്കീൽ പുഴയിൽ നീന്തുന്നതിനിടയിൽ കാണാതാവുകയായിരുന്നു.

വ്യാഴാഴ്ച വിവരമറിഞ്ഞ ഉടനെ തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തിൽ നിന്നെത്തിയ സേനാംഗങ്ങളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ആരോമലിനെ കണ്ടെത്താനായില്ല. രാത്രി നിർത്തിയ തിരച്ചിൽ വെള്ളിയാഴ്ച രാവിലെ റീജനൽ ഫയർ ഓഫിസർ പി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചിരുന്നു.

തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ്, പെരിങ്ങോം, പേരാവൂർ, കണ്ണൂർ യൂനിറ്റുകളിലെ ഫയർ ആൻഡ് റസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെ, പുഴയിൽ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച വൈകീട്ടോടെ മൃതദേഹം കിട്ടിയത്.

ആയിക്കരയിൽ നിന്നെത്തിയ മത്സ്യബന്ധന തൊഴിലാളികളും തിരച്ചിലിൽ പങ്കെടുത്തു. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും ഇത്തവണ എസ്.എസ്.എൽ.സി കഴിഞ്ഞ ആരോമൽ നിർമാണ തൊഴിലാളി കെ.എം. രമേശന്റെയും പട്ടുവം ഗ്രാമ പഞ്ചായത്തിലെ ആശ വർക്കർ ടി. റീത്തയുടെയും മകനാണ്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, തഹസിൽദാർ പി. സജീവൻ തുടങ്ങിയ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച 12ഓടെ സംസ്കാരം നടക്കും.

Tags:    
News Summary - The prayers of the people could not bring Aromal back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.