തളിപ്പറമ്പ്: ഇരിക്കൂറിൽ കവർച്ച നടത്തിയ രണ്ടംഗസംഘമാണ്, ഒടുവള്ളിത്തട്ട് മടക്കാട്ടെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്തതെന്ന് തെളിഞ്ഞു. ഇരിക്കൂറിൽ നടന്ന മോഷണക്കേസിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് മടക്കാട്ടെ മോഷണവും തെളിഞ്ഞത്.
കഴിഞ്ഞ മാസം 21നാണ് മടക്കാടെ മംഗര ഹൗസിൽ എം.സി. മോൻസന്റെ വീട്ടിൽ കവർച്ച നടന്നത്. രാവിലെ 8.15നും 9.30നുമിടയിൽ വീട് കുത്തിത്തുറന്ന് രണ്ടരപവൻ സ്വർണവും 20,000 രൂപയും കവരുകയായിരുന്നു. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച. പ്രദേശത്തെ സി.സി.ടി.വിയിൽ നിന്ന് കവർച്ചക്കാരുടെ ദൃശ്യം ലഭിച്ചിരുന്നു.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കഴിഞ്ഞ 30ന് പുലർച്ചെ കൊട്ടാരക്കര ഏഴുകോൺ കിടക്കിടം അഭിരാജിനെയും (29) കാസർകോട് ഉപ്പളയിലെ കിരണിനേയും (22) ധർമശാലയിലെ ലോഡ്ജിൽ നിന്ന് ഇരിക്കൂർ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരാണ് മടക്കാടെ കവർച്ചക്ക് പിറകിലുമെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ യദുകൃഷ്ണൻ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കവർന്ന സ്വർണാഭരണം കർണാടകയിലാണ് വിറ്റതെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ പ്രതികളുമായി പൊലീസ് സംഘം കർണടകയിലേക്ക് പോയി. വെള്ളിയാഴ്ച വൈകീട്ട് പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.