തളിപ്പറമ്പ്: നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ നഗരസഭ സത്രത്തിലേക്ക് മാറ്റിത്തുടങ്ങി. ഇത്തരക്കാർക്കായി തളിപ്പറമ്പ് നഗരസഭ മുൻകൈയെടുത്ത് സത്രം ഒരുക്കിയിട്ടും ഇതുവരെ ഒരാളെ പോലും ഇവിടെ എത്തിച്ചില്ലെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടി ആരംഭിച്ചത്. ടി.ടി.കെ ദേവസ്വത്തിെൻറ ഭാഗമായുള്ള സത്രത്തിലാണ് ഇവർക്കുള്ള സൗകര്യം നഗരസഭ ഒരുക്കിയിരുന്നത്. എന്നാൽ, ഇവിടെ ആരെയും എത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തിങ്കളാഴ്ച മുതൽ നഗരസഭാധികൃതർ, നഗരത്തിൽ അലഞ്ഞുകഴിയുന്നവരെ സത്രത്തിൽ എത്തിക്കാനുള്ള നടപടി തുടങ്ങി.
ലോക്ഡൗൺ തുടങ്ങിയതുമുതൽ നിരവധി വയോജനങ്ങളാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമായി ഭക്ഷണവും മറ്റുസൗകര്യങ്ങളും ഇല്ലാതെ കഴിഞ്ഞു വന്നിരുന്നത്. അവർക്കുവേണ്ടി ടി.ടി.കെ ദേവസ്വത്തിെൻറ കീഴിലുള്ള സത്രം രണ്ടാഴ്ച മുമ്പ് നഗരസഭക്കായി തുറന്നുകൊടുത്തിരുന്നു. സൗകര്യം ഉണ്ടാക്കിയതല്ലാതെ ഇവരെ അവിടെ എത്തിക്കാൻ നഗരസഭ അധികാരികൾ തയാറായിരുന്നില്ല. ഭക്ഷണവും മറ്റ് സൗകര്യങ്ങളും നഗരസഭാധികൃതർ സത്രത്തിൽ ഒരുക്കിയതോടെ കാക്കത്തോട് ബസ് സ്റ്റാൻഡ്, തളിപ്പറമ്പ് ബസ് സ്റ്റാൻഡ്എന്നിവിടങ്ങളിൽനിന്നായി ചിലരെ ആംബുലൻസിൽ സത്രത്തിലേക്ക് മാറ്റി.
ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന പത്തോളം പേർ ഐ.ആർ.പി.സി പ്രവർത്തകർ നൽകിയ ഭക്ഷണപ്പൊതിയും വാങ്ങി സ്ഥലം വിടുകയായിരുന്നു. ഇവരെ കൂടി സത്രത്തിലേക്ക് മാറ്റാനുള്ള നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.