തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ വനിത രത്നം പുരസ്‌കാര ജേതാവ് മാതാപിതാക്കളുടെ ആശിർവാദത്തിനായി വീട്ടിലെത്തി. എയ്റോസ്പേസ് സയന്റിസ്റ്റ് തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനി ഡോ. യു.പി.വി. സുധക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ ഇത്തവണത്തെ വനിത രത്‌നം പുരസ്‌കാരം ലഭിച്ചത്. ഏഴോം കൊട്ടിലയിലെ അധ്യാപകരായ എം.വി. ഗോവിന്ദന്‍- യു.പി.വി. യശോദ ദമ്പതികളുടെ മൂത്ത മകളാണ് ഡോ. യു.പി.വി. സുധ.
പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫന്‍സ് റിസര്‍ച് ആൻഡ് ഡെവലപ്മെന്റിന്റെ ഭാഗമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ എയ്‌റോസ്‌പേസ് സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് ഇവർ. കൊട്ടില എല്‍.പി സ്‌കൂളില്‍നിന്ന് പ്രൈമറി വിദ്യാഭ്യാസവും തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. പയ്യന്നൂര്‍ കോളജില്‍നിന്ന് പ്രീഡിഗ്രി നേടി. കണ്ണൂര്‍ ഗവ. എൻജിനീയറിങ് കോളജില്‍നിന്ന് ബി.ടെക്കും മണിപ്പാല്‍ എം.ഐ.ടിയില്‍നിന്ന് എം.ടെക്കും കരസ്ഥമാക്കി. ബംഗളൂരുവിലെ എയ്‌റോസ്‌പേസില്‍നിന്ന് പിഎച്ച്.ഡി നേടി.
നാലാം തലമുറ വിമാനമായ ലൈറ്റ് വെയ്റ്റ് കോംപാക്ട് എയർക്രാഫ്റ്റിന്റെ നിർമാണത്തിലും ഡിസൈനിങ്ങിലും സുപ്രധാന പങ്കുവഹിച്ചു. അഞ്ചാം തലമുറ വിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംപാക്ട് എയർക്രാഫ്റ്റിന്റെ നിർമാണത്തിലാണ് ഇപ്പോൾ.
വനിത രത്നം പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അവർ പ്രതികരിച്ചു. റാഫേൽ, മിഗ് പോലുള്ള വിദേശ നിർമിത വിമാനങ്ങളുടെ സ്ഥാനത്ത് ഇന്ത്യൻ വ്യോമസേനക്കുവേണ്ടി ഇന്ത്യൻ നിർമിത യുദ്ധവിമാനങ്ങളും ആയുധങ്ങളും നിർമിക്കുന്നതിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം.
ഇന്ത്യയെ പ്രതിനിധാനംചെയ്ത് നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ബംഗളൂരുവിലെ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി, അവാർഡ് സ്വീകരിക്കാൻ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. പയ്യന്നൂര്‍ തായിനേരി സ്വദേശി എം. മോഹനനാണ് ഭര്‍ത്താവ്. മൂന്ന് പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.