തളിപ്പറമ്പ്: പറശ്ശിനിക്കടവിൽ കഴിഞ്ഞയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്ത വാട്ടർ ടാക്സി യാത്രക്കാർക്കായി ശനിയാഴ്ച മുതൽ ഓടിത്തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്ത സംഘത്തിനു വേണ്ടിയാണ് ശനിയാഴ്ച്ച ഉച്ചക്ക് ആദ്യസർവിസ് നടത്തിയത്. ഞായറാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയാകും വാട്ടർ ടാക്സിയുടെ സർവിസ്.
മണിക്കൂറിൽ 30 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബോട്ടിൽ 10 പേർക്ക് യാത്രചെയ്യാനാവും. 1500 രൂപയാണ് ഒരുമണിക്കൂർ യാത്രയുടെ നിരക്ക്. അരമണിക്കൂറിന് 750 രൂപ. ടാക്സി മാതൃകയിലാകും സർവിസ്. വിളിക്കുന്ന സ്ഥലത്ത് പോയി യാത്രക്കാരെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കും. ടാക്സിക്ക് വേണ്ടി വിളിക്കേണ്ട നമ്പർ: 9400050340
'വേഗ - 3' ശ്രേണിയിൽപ്പെട്ട എ.സി. യാത്രാബോട്ട് പറശ്ശിനിക്കടവിൽ ഉടൻ എത്തും. വേഗ ഒന്ന്, രണ്ട് ശ്രേണിയിലുള്ള ബോട്ടുകൾ ആലപ്പുഴ, എറണാകുളം ജില്ലകൾക്കാണ് അനുവദിച്ചിരുന്നത്. വേഗ മൂന്ന് പറശ്ശിനിക്കടവിന് അനുവദിക്കാനാണ് ധാരണ.120 പേർക്ക് യാത്രചെയ്യാവുന്ന ബോട്ടാണ് വേഗ. പറശ്ശിനിക്കടവിൽ നിന്ന് മലപ്പട്ടം, മാട്ടൂൽ ഭാഗങ്ങളിലേക്കാകും ബോട്ട് സർവിസ് നടത്തുക. എന്നാൽ മലപ്പട്ടം ഭാഗത്തേക്കുള്ള പാതയിൽ ചിലയിടങ്ങളിൽ പുഴയിൽ ആഴം കുറവായതിനാൽ ബോട്ടിന് വേണ്ടത്ര വേഗത്തിൽ സഞ്ചരിക്കാനാകാത്ത പ്രശ്നമുണ്ട്.
ഉദ്ഘാടന ദിവസം പറശ്ശിനിക്കടവിൽ നിന്ന് മലപ്പട്ടത്ത് എത്താൻ ബോട്ട് ഒരുമണിക്കൂറിലധികം സമയമെടുത്തിരുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന റൂട്ടാണ് മലപ്പട്ടവും മാട്ടൂലും എന്നതിനാൽ ഏറെ യാത്രക്കാരെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.