തളിപ്പറമ്പ്: വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. തളിപ്പറമ്പ് സ്വദേശി പി.കെ. ഷഫീഖാണ് (36) പിടിയിലായത്. തളിപ്പറമ്പ് സർ സയ്യിദ് കോളജിന് സമീപത്തെ ഇറച്ചിക്കടയുടെ മറവിൽ വലിയ തോതിൽ എം.ഡി.എം.എ വിൽപന നടത്തി വരുന്ന യുവാവിനെയാണ് തിങ്കളാഴ്ച തളിപ്പറമ്പ് എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്. 57.700 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കൊറിയർ വഴിയാണ് എം.ഡി.എം.എ എത്തിക്കുന്നത്. മാസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തെ ക്കുറിച്ചും ഇയാളിൽ നിന്ന് വാങ്ങുന്നവരെ കുറിച്ചും ഇയാളുടെ കീഴിലുള്ള വിൽപന സംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തി വരുകയാണെന്നും 10 മുതൽ 20 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാർ പറഞ്ഞു.
പ്രിവന്റിവ് ഓഫിസർ അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. മുഹമ്മദ് ഹാരിസ്, ടി.വി. വിനേഷ്, പി. രമ്യ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.