കണ്ണൂർ: കാലപ്പഴക്കത്താൽ കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസിലെ ചായക്കടക്ക് താഴുവീണു. ബസ് രൂപമാറ്റം വരുത്തിയാണ് ലഘുഭക്ഷണ ശാലയോടെ മിൽമ ഫുഡ് ട്രക്ക് ആരംഭിച്ചത്. രാത്രി വൈകിയും നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായിരുന്ന ബസ് ചായക്കടക്ക് കെ.എസ്.ആർ.ടി.സി അനുമതി പുതുക്കിനൽകാത്തതോടെയാണ് ഷട്ടർ വീണത്.
കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോക്കു മുന്നിലെ ഈ ചായക്കട രാവിലെ മുതൽ രാത്രി ഏറെ വൈകിയും തുറക്കാറുള്ളതിനാൽ യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ ലഘുഭക്ഷണ ശാലയുടെ മാതൃകയിൽ കണ്ണൂരിന് പുറമെ പാലക്കാട്, പെരിന്തൽമണ്ണ കാസർകോട് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ലഘുഭക്ഷണശാലകൾ തുടങ്ങിയത്.
ഇതിനായുള്ള ബസും അത് നിർത്തിയിടാൻ ഡിപ്പോക്ക് സമീപത്തായി സ്ഥലവും കെ.എസ്.ആർ.ടി.സി തന്നെ നൽകുകയായിരുന്നു. യാത്രക്കാർക്ക് ബസിനകത്ത് ഇരുന്ന് ചായയും പലഹാരവും കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.
2021 ജൂലൈ 18ന് അന്നത്തെ മന്ത്രി എം.വി. ഗോവിന്ദനായിരുന്നു ചായക്കട ഉദ്ഘാടനം ചെയ്തത്. മൂന്നു വർഷത്തേക്കാണ് ഫുഡ് ട്രക്കിനായി കെ.എസ്.ആർ.ടി.സി അനുമതി നൽകിയത്. കാലാവധി കഴിഞ്ഞതോടെ മിൽമ ഇത് പുതുക്കിനൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇനി പുതുക്കേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. മാസം 20,000 രൂപയാണ് വാടകയായി മിൽമ ആദ്യം കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. പിന്നീടത് 30,000 രൂപയോളമാക്കി ഉയർത്തിയിരുന്നു. എന്നാൽ, നഗരത്തിലെ തിരക്കേറിയ ഇടമായതിനാൽ കൂടുതൽ തുകക്ക് ഈ സ്ഥലത്ത് രണ്ട് ബങ്കുകൾ തുടങ്ങാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.