തലശ്ശേരി: ഇരട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ്. കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ടിലെ തേരെക്കാട്ട് വീട്ടിൽ പി. അരുൺ കുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരെ ഹാജരാക്കാനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ ലഭിക്കാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം ശനിയാഴ്ച കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
കേസിലെ ഒന്നാംപ്രതി നിട്ടൂർ വെള്ളാടത്തിൽ ഹൗസിൽ പി. സുരേഷ് ബാബു എന്ന പാറായി ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ചത് ആറും ഏഴും പ്രതികളാണ്. നിലവിൽ ഏഴ് പ്രതികളാണ് റിമാൻഡിലായത്. പിടിയിലായവർ കൊടും ക്രിമിനലുകളാണെന്ന് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലഹരിവിൽപന എതിർത്തതിന്റെ വിരോധത്താൽ നിട്ടൂരിലെ ത്രിവർണ ഹൗസിൽ ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനാഴി ഷമീർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 23ന് വൈകീട്ട് നാലോടെ കൊടുവള്ളി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മധ്യസ്ഥതക്കായി ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഒന്നാം പ്രതി ബാബു കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഏഴ് പ്രതികളാണ് കേസിൽ അറസ്റ്റിലായത്. പ്രതികളെല്ലാം റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.