ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സ്

തലശ്ശേരിക്ക് ആർ.എം.എസ് ഓഫിസ് നഷ്ടമായേക്കും

തലശ്ശേരി: നാരങ്ങാപ്പുറം ചൂര്യയി കണാരൻ റോഡിലെ കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) ഓഫിസ് നിലനിൽപ് ഭീഷണിയിൽ. ഇവിടെയുള്ള സേവനങ്ങൾ ഒന്നൊന്നായി വെട്ടിച്ചുരുക്കുകയാണ്. രജിസ്‌ട്രേഡ്‌ കത്തുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം കണ്ണൂരിലേക്ക്‌ മാറ്റി.

പാർസൽ ഏതാനും വർഷംമുമ്പ്‌ മാറ്റിയതിന്റെ തുടർച്ചയാണിത്‌. ഇനി ഓർഡിനറി കത്തുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമായി പ്രവർത്തനം പരിമിതപ്പെടും. തലശ്ശേരി മേഖലയിൽ രാത്രികാലങ്ങളിൽ തപാൽ സർവിസിന് കൂടുതൽ ആശ്രയിച്ചിരുന്ന ഈ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിതെന്ന്‌ സംശയിക്കുന്നു. രാപ്പകൽ ഭേദമില്ലാതെ ലക്ഷക്കണക്കിന് തപാൽ ഉരുപ്പടികൾ തരംതിരിച്ച് രാജ്യത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയച്ച പ്രധാന കേന്ദ്രമായിരുന്നു തലശ്ശേരി ആർ.എം.എസ് ഓഫിസ്‌. 39 വർഷം മുമ്പാണ്‌ തലശ്ശേരിയിൽ ഓഫിസ്‌ തുടങ്ങിയത്‌.

നേരത്തെ ജൂബിലി റോഡിലെ യതീംഖാന കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. വടക്കേ വയനാട് മുതൽ എടക്കാട് വരെ 39 പ്രധാന പോസ്‌റ്റ് ഓഫിസുകളിൽനിന്നും ബ്രാഞ്ച് ഓഫിസുകളിൽനിന്നും എത്തിക്കുന്ന തപാൽ ഉരുപ്പടികളും ഇവിടെയാണ്‌ കൈകാര്യം ചെയ്‌തത്‌. കണ്ണൂരിൽ തപാൽ ഉരുപ്പടികൾ വർധിക്കുന്നത്‌ സേവനത്തെയും ബാധിക്കും. താൽക്കാലികക്കാരടക്കം 25 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. ഓർഡിനറി മെയിൽ മാത്രമായി പരിമിതപ്പെടുമ്പോൾ താൽക്കാലിക ജീവനക്കാരുടെ ജോലിയും ക്രമേണ ഇല്ലാതാകും. രാത്രി സ്പീഡ് പോസ്‌റ്റ്‌ അയക്കാനുള്ള സൗകര്യവും തലശ്ശേരി മേഖലയിലുള്ളവർക്ക് നഷ്‌ടമാവും. ആർ.എം.എസ്‌ ഓഫിസ്‌ അടച്ചുപൂട്ടാൻ ഏതാനും വർഷം മുമ്പ്‌ ശ്രമിച്ചപ്പോൾ സമരം നടത്തിയാണ്‌ ഇവിടെ നിലനിർത്തിയത്‌. കൊറിയർ സർവിസുകാരുടെ കടന്നുകയറ്റത്തോടെയാണ് തപാൽമേഖലയിൽ കൂടുതൽ ഭീഷണിയുയർന്നത്. ആർ.എം.എസ് ഓഫിസ് അടച്ചുപൂട്ടിയാൽ തലശ്ശേരി മേഖലയിലുള്ളവർക്ക് രാത്രികാലങ്ങളിലെ തപാൽസേവനം പൂർണമായി ഇല്ലാതാവും.

Tags:    
News Summary - Thalassery may lose RMS office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.