തലശ്ശേരി: റെയിൽവേ മേൽപാലം റോഡിൽ രാത്രി കൂരിരുട്ട്. കാലവർഷം തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്ര ആളുകൾക്ക് പേടി സ്വപ്നമാകുന്നു. ഒ.വി റോഡ് സംഗമം കവല മുതൽ ടി.സി മുക്ക് വരെ അവസാനിക്കുന്ന റെയിൽവേ മേൽപാലം റോഡിൽ ഇടത്തും വലത്തുമായി 36 വിളക്കുകൾ ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഒന്നുംതന്നെ കത്തുന്നില്ല. വിളക്കുകൾ കത്താത്ത കാര്യം നഗരസഭ കൗൺസിൽ യോഗങ്ങളിൽ അംഗങ്ങൾ പലതവണ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
നഗരത്തിൽനിന്ന് കൂത്തുപറമ്പ്, ഇരിട്ടി, ഊട്ടി, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. 1999 ജനുവരി 19ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് റെയിൽവേ മേൽപാലം റോഡ് ഉദ്ഘാടനം ചെയ്തത്. റോഡിന്റെ ഇരുവശവും നടപ്പാതയുണ്ടെങ്കിലും വിളക്കുകൾ കത്താത്തതിനാൽ രാത്രിയിൽ ഇതുവഴി നടന്നുപോകാൻ ആളുകൾക്ക് ഭയമാണ്.
കണ്ണൊന്ന് തെറ്റിയിൽ നടപ്പാതയിലെ സ്ലാബിനടിയിൽ കുടുങ്ങി കാലോ, കൈയോ ഒടിഞ്ഞുകുത്തിയെന്നിരിക്കും. നടുവൊടിയാനും സാധ്യതയുണ്ട്. സ്ലാബുകളിൽ ചിലത് വാ തുറന്ന നിലയിലാണ്. രാത്രികാലങ്ങളിലാണ് അപകടസാധ്യതയേറെ.
പൊങ്ങിയും താണുമിരിക്കുന്ന സ്ലാബുകളിൽ കാൽ തെന്നി വീണ് ഇതിനകം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നടപ്പാതയിൽ പാകിയ സ്ലാബുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് ആക്ഷേപമുണ്ടായിരുന്നു. സിമന്റ് കട്ട ഇളകിയാണ് സ്ലാബുകൾ തകരുന്നത്. തകർന്ന സ്ലാബുകളുടെ കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. വീതി കുറഞ്ഞ പാലത്തിൽ കാൽനടക്കാർക്ക് ഏറെ ആശ്രയമാണ് ഈ നടപ്പാതകൾ. എന്നാൽ തകരുന്ന സ്ലാബുകൾ മാറ്റാനുള്ള നടപടി നീളുകയാണ്.
റെയിൽവേ മേൽപാലം റോഡിലെ നടപ്പാതയിൽ ഒരു വർഷം മുമ്പ് കൊണ്ടിട്ട ഹൈമാസ്റ്റ് വിളക്കുകാൽ മാറ്റിയില്ല. കാൽനട യാത്രക്കാർക്ക് ഇതും കുരുക്കായി മാറുകയാണ്.
സംഗമം കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണിത്. വാഹനമിടിച്ച് തകർന്ന വിളക്കുകാൽ നടപ്പാതയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് ഇവിടെ നിന്ന് മാറ്റുമെന്ന് നഗരസഭ അധികൃതർ പലതവണ പറഞ്ഞെങ്കിലും ഒരു വർഷത്തിലേറെയായി അതേ കിടപ്പാണ്. വെയിലും മഴയും കൊണ്ട് പൊതുമുതൽ ഇവിടെ കിടന്ന് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.