തലശ്ശേരി: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കടൽപ്പാലം പരിസരത്ത് മാലിന്യം നിക്ഷേപിച്ചതിന് പിഴ ചുമത്തി തലശ്ശേരി നഗരസഭ. മാലിന്യം കടലിലേക്ക് നിക്ഷേപിച്ചതിന് റൊട്ടാ ബീച്ച് ക്ലബ് (ചായ സ്പോട്ട്) സ്ഥാപനത്തിനാണ് തലശ്ശേരി നഗരസഭ 10,000 രൂപ പിഴ ചുമത്തിയത്. കെ.എം ആക്ട് 340 പ്രകാരമാണ് നടപടി.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളാണ് നഗരസഭ സ്വീകരിച്ചുവരുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും മറ്റ് സ്ഥാപനങ്ങളിലും ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവയുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവസരം ഒരുക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ 9446700800 എന്ന വാട്സ്ആപ് നമ്പറിലൂടെ ജനങ്ങൾക്ക് തെളിവുസഹിതം പരാതി നൽകാം. മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ ഹാജരാക്കുന്നവർക്ക് ഈടാക്കിയ പിഴയുടെ 25 ശതമാനം വരെ പാരിതോഷികം നൽകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കേണ്ടതും അജൈവമാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറേണ്ടതുമാണ്. നഗരം മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് നഗരസഭ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.