തലശ്ശേരി: പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയിൽ കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് തലശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ജില്ലയിലെ ആദ്യ പിഴ ശിക്ഷയാണിത്. ക്വാർട്ടേഴ്സ് ഉടമ കോടതിയിൽ പിഴയൊടുക്കി തടവ് ശിക്ഷയിൽനിന്നും നിയമനടപടികളിൽനിന്നും ഒഴിവായി.
കഴിഞ്ഞ ആഗസ്റ്റ് 13ന് തലശ്ശേരി നഗരസഭയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊതുക് പെരുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശ്രീ ക്വാർട്ടേഴ്സ് ഉടമക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകുകയും സമയം അനുവദിക്കുകയും ചെയ്തു. എന്നാൽ, ക്വാർട്ടേഴ്സ് ഉടമ നിർദേശങ്ങൾ പാലിക്കാത്തത് രാജശ്രീ ഹെൽത്ത് ഇൻസ്പക്ടർ ടെനിസൻ തോമസിന്റെ ശ്രദ്ധയിൽപെടുത്തി. ഹെൽത്ത് ഇൻെസ്പക്ടർ ക്വാർട്ടേഴ്സ് സന്ദർശിച്ച് വീണ്ടും നിർദേശങ്ങളും സമയവും അനുവദിച്ചു. പക്ഷേ, ക്വാർട്ടേഴ്സ് ഉടമ ഇവ പാലിച്ചില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് ഹെൽത്ത് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചത്.
26,500 രൂപയാണ് കോടതി പിഴയായി വിധിച്ചത്. പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പുകളും ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്. സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെയും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഇതുപോലുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ സമിതി ചെയർമാനായ തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.