തലശ്ശേരി: ഗര്‍ഭിണിയായ ഭാര്യയെ കിടപ്പുമുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ഇരിവേരിയിലെ കണ്ണോത്ത് ഹൗസില്‍ കെ.സി. അരുണിനെ (43) യാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. ഗര്‍ഭിണിയെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം അധിക തടവുണ്ട്. എന്നാല്‍ ശിക്ഷ ജീവപര്യന്തമായി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം.
ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വലിയന്നൂരിലെ ബീനാലയത്തില്‍ ബിജിന (24) യാണ് കൊല്ലപ്പെട്ടത്. ഒരു മൃഗത്തോടും കാണിക്കാത്ത ക്രൂരതയാണ് പ്രതി ബിജിനയോട് കാണിച്ചതെന്ന് ജഡ്ജി വിധി പറയുന്നതിനിടെ പറഞ്ഞു. 2012 ജൂലൈ മൂന്നിന് രാവിലെ പത്തരയോടെയാണ് കേസിനാസ്പദ സംഭവം. മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ബിജിനയെ കിടപ്പുമുറിയില്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ചികിത്സക്കിടയില്‍ അന്ന് വൈകീട്ട് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചു. സംഭവത്തിന് രണ്ടു വർഷം മുമ്പാണ് ബിജിനയും അരുണും വിവാഹിതരായത്. ബിജിനയുടെ സഹോദരന് പി.കെ. ജയരാജന്റെ പരാതിയിലാണ് ചക്കരക്കല്ല് പൊലീസ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ.പ്ലീഡര്‍ കെ. അജിത്ത്കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.