തലശ്ശേരി: കുംഭമാസം പിറന്നതോടെ ധർമടം ഗ്രാമവാസികൾ മത്സ്യമാംസാദികൾ വെടിഞ്ഞ് ഏഴ് ദിവസത്തേക്കുള്ള പൂർണ വ്രതം ആരംഭിച്ചു. അണ്ടലൂർ തിറയുത്സവ ചടങ്ങുകൾക്ക് തിരശ്ശീല വീഴുന്ന കുംഭം എട്ട് പ്രഭാതം വരെ വ്രതനിഷ്ഠകൾ തുടരും.
കോവിഡ് വ്യാപന ഭീതിയുള്ളതിനാൽ ഇത്തവണ ദൈവത്താർ ഈശ്വരെൻറ തിരുമുടി കാണാനും തൊട്ടുവന്ദിക്കാനും ഉപദേവതകളുടെ കെട്ടിയാട്ടങ്ങൾ കാണാനും സാധ്യമല്ലെന്ന നിരാശയുണ്ടെങ്കിലും ധർമടം ദേശക്കാർ പതിവുള്ള ചിട്ടകളൊന്നും തെറ്റിക്കുന്നില്ല. നേരത്തെ തന്നെ വീടും വീഥികളും വൃത്തിയാക്കി ഗ്രാമം മുഴുവൻ ഏകോദര സഹോദരങ്ങളെപോലെ ദൈവത്താറീശ്വരെൻറ നാമം ഉരുവിടുകയാണ്. പതിവുപോലെ അന്യസ്ഥലങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്ക് ഇത്തവണ വിശ്വാസികൾ ഒഴുകിയെത്തില്ല. വീടുകളിൽ അതിഥികളും കുറയും.
എങ്കിലും എത്തിപ്പെടുന്നവരെ സൽക്കരിച്ച് തൃപ്തിപ്പെടുത്താനും വ്രതമെടുത്ത പ്രജകൾക്ക് പ്രസാദ ഭക്ഷണമായി നൽകാനുമുള്ള അവലും മലരും പഴവും എല്ലാ വീട്ടുകാരും കരുതിത്തുടങ്ങി. ധർമടത്തിെൻറ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ ലോഡുകണക്കിന് മൈസൂർ കുലകൾ നിരന്നു കഴിഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം കർശന നിയന്ത്രണമാണ് ക്ഷേത്രമുറ്റത്തും പരിസരത്തും ഏർപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിൽ പൊലീസാണ് ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.