തലശ്ശേരി: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കൈക്കലാക്കിയെന്ന കേസിൽ പ്രതിയായ തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്ത് മുൻകൂർ ജാമ്യം തേടി തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ ഹരജി നൽകി. 17ന് ഹരജി പരിഗണിക്കും. കേസന്വേഷിക്കുന്ന റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി.വി. മനോജ് കുമാറിനോട് കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
സസ്പെൻഷനിലായ ശ്രീകാന്ത് ഇപ്പോൾ ഒളിവിലാണ്. അഡ്വ. വി.എം. സുനിൽകുമാർ മുഖേനയാണ് മുൻകൂർ ജാമ്യഹരജി നൽകിയത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ബക്കളത്ത് ദേശീയ പാതയോരത്ത് നിർത്തിയിട്ട ചൊക്ലി ഒളവിലത്തെ കെ.കെ. മനോജ് കുമാറിെൻറ കാറിൽനിന്ന് പണവും എ.ടി.എം കാർഡും മോഷ്ടിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ നിയമനടപടികളിലേക്ക് വഴിവെച്ചത്. മോഷണക്കേസിൽ തളിപ്പറമ്പ് പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ ടി. ഗോകുൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്വേഷണസംഘത്തിൽ ശ്രീകാന്തുമുണ്ടായിരുന്നു. ഗോകുലിെൻറ കൈയിലുണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം കാർഡ് ശ്രീകാന്ത് കൈവശപ്പെടുത്തി. പിന്നീട് പ്രതിയുടെ സഹോദരിയെ വിളിച്ച് എ.ടി.എം കാർഡിെൻറ പിൻ നമ്പറും മനസ്സിലാക്കി. ഇതുപയോഗിച്ച് 40,000ത്തോളം രൂപ പലതവണയായി പിൻവലിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ടവർ ലൊക്കേഷനുകളും കണ്ടെത്തിയാണ് പൊലീസുകാരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നത്.
ഗോകുലിെൻറ സഹോദരിയുടെ മകളായിരുന്നു പരാതിക്കാരി. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗോകുൽ സഹോദരിയുടെ എസ്.ബി.ഐ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.