തലശ്ശേരി: ധർമടം ഗവ. ബ്രണ്ണൻ കോളജിൽ സിന്തറ്റിക് ട്രാക്ക് നിർമാണം പുരോഗമിക്കുന്നു. എട്ടുകോടി രൂപ ചെലവു വരുന്ന ട്രാക്കിെൻറ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. ഇറക്കുമതി ചെയ്ത ചുവന്ന നിറത്തിലുള്ള ട്രാക്കാണ് സ്ഥാപിച്ചത്. ട്രാക്ക് അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ട്രാക്കിെൻറ ഉദ്ഘാടനം നടക്കും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (സായ്) ട്രാക്ക് നിർമാണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ട്രാക്ക് സന്ദർശിക്കും.
അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ നിർദേശിക്കുന്ന നിലവാരത്തിൽ 400 മീറ്ററില്‍ എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ ഹാള്‍, ഫുട്ബാൾ, വോളിബാള്‍, ബാസ്കറ്റ്ബാള്‍ കോര്‍ട്ട്, ജിംനേഷ്യം എന്നിവയും ഹോസ്റ്റലും ഉൾപ്പെടുന്ന പദ്ധതിയാണ് ബ്രണ്ണനിൽ നടപ്പാക്കുന്നത്.
2017 ഒക്ടോബർ 29ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. പാലയാട് അംബേദ്കർ കോളനിക്ക് സമീപം കോളജിെൻറ ഉടമസ്ഥതയിലുള്ള ഏഴര ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തിയാണ് സ്റ്റേഡിയം നിർമിക്കുന്നത്. 2018 മാർച്ച് 15ന് പ്രവൃത്തി തുടങ്ങി.
ദ്രുതഗതിയിൽ നടന്ന പ്രവൃത്തി കോവിഡ് കാരണം മാസങ്ങളോളം വൈകിയിരുന്നു. മഴക്കാലം കഴിഞ്ഞ ശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചത്.
2013ലാണ് ബ്രണ്ണൻ കോളജിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സിന്തറ്റിക് ട്രാക്ക് അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയെൻറ ഇടപെടലോടെയാണ് നിരവധി തടസ്സങ്ങളിൽ കുടുങ്ങിക്കിടന്ന പദ്ധതി യാഥാർഥ്യമായത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആദ്യമായാണ് ഒരു സർക്കാർ കോളജിൽ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.