തലശ്ശേരി: പിണറായിയിൽ സഹോദരങ്ങളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യിൽ മടപ്പുരക്ക് സമീപം രാധിക നിവാസിൽ സുകുമാരൻ (61), രമേശൻ (54) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
സുകുമാരൻ ചെറിയ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്. സുകുമാരെൻറ മൃതദേഹം കട്ടിലിലും രമേശനെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. മുറിയിൽനിന്ന് ചോരപുരണ്ട കയർ കണ്ടത്തി. സുകുമാരെൻറ മൃതദേഹത്തിലും വസ്ത്രത്തിലും ചോരക്കറയുണ്ടായിരുന്നു.
മുറിക്കുള്ളിൽ പിടിവലി നടന്നതിെൻറ ലക്ഷണങ്ങളുണ്ട്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് അനുമാനം. ഇവരിൽ ഒരാൾ മറ്റെയാളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
അവിവാഹിതരായ ഇരുവരും ഒരുമിച്ച് ഒറ്റമുറിയിലാണ് താമസം. ജോലിസ്ഥലത്തും പതിവായെത്തുന്ന ഹോട്ടലിലും ഇരുവരെയും കാണാതായതോടെ നാട്ടുകാർ വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രമേശന് തലശ്ശേരിയിലെ സ്വകാര്യ പ്രസിലും സുകുമാരന്‍ പിണറായിയിലെ പലഹാര നിർമാണ കമ്പനിയിലുമാണ് ജോലി.
കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ നാണോത്ത് കൃഷ്ണെൻറയും കല്യാണിയുടെയും മക്കളാണ്. സഹോദരങ്ങൾ: സുജാത, രാധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.