തലശ്ശേരി: പൊളിച്ചുമാറ്റാൻ കരാറെടുത്തവരുടെ അനാസ്ഥ കാരണം കുട്ടികളുടെ പഠനം അവതാളത്തിലാകുമെന്ന ആശങ്കയിൽ ഒരുവിദ്യാലയം. തിങ്കളാഴ്ച മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് സർക്കാർ നിർദേശം നേരത്തേ വന്നെങ്കിലും പാതി പൊളിച്ചുമാറ്റിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ കുട്ടികളെ എങ്ങനെ ക്ലാസിലെത്തിക്കുമെന്ന ഭീതിയിലാണ് അധ്യാപകർ.
തലശ്ശേരി കായ്യത്ത് റോഡിലെ ഗവ. എൽ.പി സ്കൂളിനാണ് ഈ ദുർഗതി. സ്കൂളിന് പുതിയ കെട്ടിടം നേരത്തെ നിർമിച്ചിരുന്നു. ഇതേത്തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. കോഴിക്കോട് സ്വദേശിയാണ് കെട്ടിടം പൊളിക്കാൻ കരാറെടുത്തത്. കഴിഞ്ഞ നവംബറിലാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. ഡിസംബറിൽ കെട്ടിടം മുഴുവനായി പൊളിച്ചു മാറ്റുമെന്നായിരുന്നു ഉറപ്പുനൽകിയത്. എന്നാൽ, പൊളിക്കുന്ന ജോലി പാതിവഴിയിൽ നിർത്തി കരാറുകാരൻ മുങ്ങി. സ്കൂളിലെ മുറ്റം ഇപ്പോൾ കെട്ടിടാവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
തലശ്ശേരി നഗരസഭക്ക് കീഴിലുള്ളതാണ് സ്കൂൾ. മുനിസിപ്പാലിറ്റിയിലെ എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗം ഇ. ടെൻഡറിലൂടെയാണ് കരാറുകാരനെ പൊളിക്കാൻ ഏൽപിച്ചത്. കെട്ടിടത്തിലെ വിലപിടിപ്പുള്ള മരത്തടികൾ ഇളക്കിയെടുത്തു കൊണ്ടുപോയിട്ടുണ്ട്. ജനലും കട്ടിലയും ഇളക്കിമാറ്റി. എന്നാൽ, ചുമരുകൾ ഒരുഭാഗം മാത്രം പൊളിച്ചിട്ടിരിക്കുകയാണ്. അപകടാവസ്ഥയിലാണ് ബാക്കിഭാഗം നിൽക്കുന്നത്. പുതിയ സ്കൂൾ കെട്ടിടം നിൽക്കുന്നതിനടുത്ത് മുറ്റത്തുതന്നെയാണ് പാതി പൊളിഞ്ഞുവീഴാറായ കെട്ടിടവുമുള്ളത്. കെട്ടിടം പൂർണമായി പൊളിച്ച് അവശിഷ്ടങ്ങൾ നീക്കണമെന്ന് വാർഡ് കൗൺസിലറും പി.ടി.എ ഭാരവാഹികളും പ്രധാനാധ്യാപകനും നിരവധി തവണ നഗരസഭാധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇക്കാര്യം കരാറുകാരനെ ധരിപ്പിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച പി.ടി.എ ഭാരവാഹികൾ വീണ്ടും എൻജിനീയറിങ് വിഭാഗത്തെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. നഗരസഭ ചെയർമാൻ ഇടപെട്ടിട്ടും പരിഹാരമായില്ല.
കോഴിക്കോട്ടുള്ള കരാറുകാരൻ 15,000 രൂപ കെട്ടിവെച്ചാണ് കരാർ ഏറ്റെടുത്തത്. ഏകദേശം രണ്ടുലക്ഷത്തിലധികം രൂപക്കുള്ള മരത്തടികൾ, ഓട്, കരിങ്കല്ല് എന്നിവ കൊണ്ടുപോയെങ്കിലും കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ചുനീക്കാതെ അപകടാവസ്ഥയിലാണ്. തിങ്കളാഴ്ച കുട്ടികളെ വിദ്യാലയത്തിലെത്തിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും ഭയപ്പാടിലാണ്.
പഴയ കെട്ടിടം പൊളിച്ചുമാറ്റിയാൽ വിദ്യാലയത്തിന് സൗകര്യപ്രദമായ സ്റ്റേജും കളിസ്ഥലവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസിൽ 220 വിദ്യാർഥികളാണ് പഠിക്കുന്നത്. തലശ്ശേരി ടൗണിൽ പഴക്കം ചെന്ന വിദ്യാലയമാണിത്. സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പഴയ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റാൻ അടിയന്തര നടപടി ഉണ്ടാകണം.
വി. പ്രസാദ്, പ്രധാനാധ്യാപകൻ, ഗവ. എൽ.പി സ്കൂൾ, തലശ്ശേരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.