തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞു. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ആയിത്താൻ മകൻ, പറശ്ശിനി മുത്തപ്പൻ എന്നീ ഫൈബർ തോണികളാണ് അപകടത്തിൽപെട്ടത്. മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് ഇരുതോണികളും മറിയുകയായിരുന്നു.
പുലർച്ച അഞ്ച് മണിക്കാണ് രണ്ട് തോണികളിലായി മത്സ്യബന്ധനത്തിന് പോയതെന്ന് തോണിയിലുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തോണികൾ അപകടത്തിൽപെട്ട വിവരം വിളിച്ചു പറഞ്ഞിട്ടും തീരദേശ പൊലീസ് സഹായത്തിനെത്തിയില്ലെന്ന് അവർ പറഞ്ഞു.
സമീപത്തുണ്ടായിരുന്ന എടക്കാട് നിന്നുള്ള മെഹറാജ്, ന്യൂമാഹിയിലെ കടൽ പറവകൾ, തലായിയിലെ കാർവർണൻ എന്നീ തോണികളിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ട തോണികളിലെ 10 തൊഴിലാളികളെയും രക്ഷപ്പെടുത്തി തലായി ഹാർബറിൽ എത്തിച്ചത്. തോണികളിൽ ഉണ്ടായിരുന്ന അമ്പതിനായിരത്തോളംരൂപ വിലവരുന്ന മത്സ്യം നഷ്ടപ്പെട്ടു. ജി.പി.എസ്, സൗണ്ട് സിസ്റ്റം, ബീഞ്ച്, വലകൾ എന്നിവ ഭാഗികമായി നശിച്ചു. വടകര കൂരിയാട് സ്വദേശികളാണ് അപകത്തിൽപെട്ടത്. കൂരിയാട്ടെ പ്രേമന്റെയും സുമേഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട തോണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.