തലശ്ശേരി: തലശ്ശേരിയിലെ വ്യാപാരി സംഘടന നേതാവ് ചിറക്കര പള്ളിത്താഴയിലെ എ.കെ. സക്കരിയയുടെ 11.7 ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ രണ്ടു വർഷമായിട്ടും കേസന്വേഷണം എങ്ങുമെത്തിയില്ല. മോഷണത്തിന് മതിയായ തെളിവ് ലഭിക്കാത്തതിനാൽ പ്രതിയെ പിടികൂടാനായില്ലെന്നാണ് പൊലീസ് ഭാഷ്യം. 2019 ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി ഗുഡ്സ് ഷെഡ് റോഡിലെ വ്യാപാര ഭവന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണമാണ് രാത്രിയിൽ നഷ്ടപ്പെട്ടത്.
വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖല ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവും മുൻ തലശ്ശേരി നഗരസഭാംഗവുമാണ് സക്കരിയ. വ്യാപാരികളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സക്കരിയയുടെ പണം അപഹരിക്കപ്പെട്ടത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ചതായിരുന്നു നോട്ടുകെട്ടുകൾ. യോഗം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. രാത്രി 9.15നും 9.45നും ഇടയിലാണ് മോഷണം നടന്നത്.
സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽ ഒരാൾ സ്കൂട്ടറിൽ നിന്നും പണപ്പൊതി എടുത്തുപോവുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, വിദൂര ദൃശ്യമായതിനാൽ മോഷ്ടാവിനെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല.
അന്വേഷിക്കുമ്പോഴെല്ലാം നിസ്സഹായതയാണ് പൊലീസ് പറയുന്നതെന്ന് സക്കരിയ പറഞ്ഞു. മെയിൻ റോഡിൽ അരി മൊത്തവ്യാപാരം നടത്തുന്ന സക്കരിയ തലശ്ശേരി ഫുഡ് ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ്. വ്യാപാരം ചെയ്ത വകയിലും ബന്ധുക്കളായ രണ്ടുപേരുടെ ഹജ്ജ് യാത്രക്കുള്ളതുമായ പണമാണ് നഷ്ടപ്പെട്ടത്. ഇവയുടെ കടബാധ്യത ഇതുവരെ തീർക്കാനായില്ലെന്ന് സക്കരിയ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.