തലശ്ശേരി: ചൊക്ലി ഗവ. കോളജ് ഇനി മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജായി അറിയപ്പെടും. പുനർനാമകരണ പ്രഖ്യാപനം വെളളിയാഴ്ച രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി നിർവഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2013ലാണ് ചൊക്ലി തുളവൂർകുന്നിൽ അഞ്ചര ഏക്കർ സ്ഥലത്ത് അന്നത്തെ എം.എൽ.എയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ശ്രമഫലമായി ജനകീയ ശ്രമത്തോടെ കോളജിന് സ്ഥലം ഏറ്റെടുത്തത്. 2014ൽ മൂന്ന് ഡിഗ്രി കോഴ്സ്കളുമായി കോളജ് താലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കോടിയേരിയുടെ എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ചു കോടി ചെലവിട്ട് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി. ജനകീയ നേതാവിനോടുള്ള ആദരസൂചകമായി കലാലയത്തിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ് എന്ന പേരിൽ സംസ്ഥാന സർക്കാറാണ് പുനർനാമകരണം ചെയ്യുന്നത്.
സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, വിദ്യാഭ്യാസ ഡയറക്ടർ, കെ. സുധീർ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, പി.ടി.എ വൈസ് പ്രസിഡന്റ് വൈ.എം. അനിൽ കുമാർ, പ്രിൻസിപ്പൽ ഡോ. ഹേന, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. പ്രേമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.