തലശ്ശേരി: ഗർഭിണികൾ ആരോഗ്യ പരിചരണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നതിന് ചിത്രകലയിലൂടെ സന്ദേശം. ദേശീയാരോഗ്യ ദൗത്യമാണ് ജനറൽ ആശുപത്രി മതിലിൽ ഗർഭിണികൾക്ക് സന്ദേശം പകരാനായി ചിത്രങ്ങൾ ഒരുക്കിയത്.
അമ്മയും കുഞ്ഞും സ്നേഹത്തോടെയിരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സന്ദേശം. തിരുവനന്തപുരം പൂജപ്പുരയിലെ ബെൽ ഒക്കർ ചിത്രകല സ്ഥാപനത്തിലെ കലാകാരന്മാരായ സുമേഷ് ബാല തലശ്ശേരി, പി.കെ. ദീപക് മലപ്പുറം, കെ. വൈശാഖ് കണ്ണൂർ, സി.എസ്. വിഷ്ണു ചേർത്തല, കെ.പി. സരേഷ് തലശ്ശേരി എന്നിവരാണ് അക്രലിക് മീഡിയത്തിൽ ചിത്രങ്ങൾ വരച്ചത്.
ജനറൽ ആശുപത്രി കെട്ടിടത്തിന്റെ മുൻഭാഗത്തെ മതിലിൽ 60 മീറ്റർ നീളത്തിലാണ് ചിത്രങ്ങൾ തയാറാക്കിയത്. ചിത്രങ്ങൾ വന്നതോടെ വികസന വഴിയിലുള്ള ജനറൽ ആശുപത്രിക്ക് പുതിയ മുഖം കൈവന്നിരിക്കുകയാണ്. അമ്മയുടെ സ്നേഹം മുലപ്പാലിലൂടെ, കുട്ടികൾ വളരട്ടെ കരുത്തരായി, ഗർഭകാലം ആരോഗ്യ പൂർണത്തോടെ, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, കൃത്യസമയത്ത് ഡോക്ടറെ കാണുക തുടങ്ങിയവയാണ് ഗർഭസ്ഥ സ്ത്രീകൾക്കുള്ള ഹെൽത്ത് മിഷന്റെ സന്ദേശം. മറക്കാതെ സുരക്ഷിതരാകാം എന്ന തലക്കെട്ടിൽ കോവിഡ് കാലത്തെ ജാഗ്രതയും ചിത്രത്തിൽ കോറിയിട്ടുണ്ട്. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവക്കുള്ള മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയിട്ടുള്ളത്.
തിരഞ്ഞെടുത്ത നാല് നഗരങ്ങളിലാണ് ചിത്രം വരക്കാൻ കലാകാരന്മാർക്ക് കരാർ നൽകിയിട്ടുള്ളത്. അഞ്ചുപേർ ചേർന്ന് തലശ്ശേരിയിലെ ചിത്രരചന അഞ്ചുദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, തൃശൂർ താലൂക്ക് ആശുപത്രി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അടുത്ത രചന.
2021 സാമ്പത്തിക വർഷത്തെ ഹെൽത്ത് മിഷൻ ഫണ്ടുപയോഗിച്ചാണ് അമ്മയും കുഞ്ഞും പരിചരണത്തിനുള്ള ചിത്രരചന തയാറാക്കിയത്. അടുത്ത സാമ്പത്തിക വർഷം മറ്റു നഗരങ്ങളിലെ ആശുപത്രി മതിലുകളിലും ചിത്രം വരക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.