പൊലീസ് മര്‍ദനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

തലശ്ശേരി: കടൽ പാലത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തലശ്ശേരി പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. ധര്‍മടം പാലയാട് സ്വദേശി പ്രത്യുഷിനും ഭാര്യ മേഘക്കുമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ദുരനുഭവമുണ്ടായത്. കഴിഞ്ഞ 5 ന് രാത്രി 10.15 ഓടെയാണ് സംഭവം. തലശ്ശേരി എസ്.ഐയും സംഘവും ചോദ്യം ചെയ്താണ് മർദനത്തിനിരയാക്കിയതെന്നാണ് പരാതി. കഞ്ചാവ് വില്‍പന നടക്കുന്ന ഇടമാണിതെന്നും ഇവിടെ തങ്ങരുതെന്നും പൊലീസ് പറഞ്ഞപ്പോൾ, തിരിച്ചു ചോദിച്ചതിലുള്ള പ്രകോപനമാണ് മർദനത്തിന് കാരണം. പ്രത്യുഷിനെ പൊലീസ് ക്രൂരമായി മർദിക്കുകയാണുണ്ടായതെന്ന് യുവതി പറഞ്ഞു. മറ്റൊരു പൊലീസ് വാഹനത്തില്‍ വനിത പൊലീസ് ഇല്ലാതെ യുവതിയെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പ്രത്യുഷിനെ നിലത്തുകൂടി വലിച്ചിഴച്ച് മറ്റൊരു ജീപ്പിലാണ് കൊണ്ടുപോയത്. ജീപ്പില്‍ നിന്നും മർദിക്കുന്നുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ സിവില്‍ ഡ്രസിലെത്തിയ സി.ഐ പ്രത്യുഷിന്റെ നാഭിക്കും പുറത്തും തലക്കും ബൂട്ടിട്ട് ക്രൂരമായി മർദിക്കുകയുണ്ടായി. മർദനത്തിനിടെ കണ്ണില്‍ ഇരുട്ടു കയറുന്നുണ്ടെന്നും ഇനി എന്നെ തല്ലരുതെന്നും പ്രത്യുഷ് വിളിച്ചുപറയുന്നുണ്ടെങ്കിലും സി.ഐ ഇതൊന്നും ചെവിക്കൊണ്ടില്ല. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അസഭ്യവര്‍ഷം ചൊരിയുകയായിരുന്നുവെന്നും മേഘ പറഞ്ഞു.

മറ്റു സിവില്‍ പൊലീസുകാര്‍ ഇടപെട്ടാണ് സി.ഐയെ പിടിച്ചുമാറ്റിയത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രത്യുഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. പുലര്‍ച്ചെ 3.30 വരെ മേഘയെ പൊലീസ് സറ്റേഷന് പുറത്തു നിര്‍ത്തിയത്രേ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, കണ്ണൂര്‍ എസ്.പി, വനിത കമീഷന്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞ മാസം സ്ത്രീകൾക്കായി നൈറ്റ് വാക്ക് സംഘടിപ്പിച്ച തലശ്ശേരിയിലാണ് പൊലീസിന്റെ ഭാഗത്തുനിന്നും തങ്ങള്‍ക്ക് ഈ ദുരനുഭവമുണ്ടായിട്ടുള്ളതെന്ന് മേഘ പറഞ്ഞു.  

Tags:    
News Summary - Complaint to Chief Minister against police beating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.