തലശ്ശേരി: നവംബർ 29 മുതൽ വദോദരയിൽ ആരംഭിക്കുന്ന 19 വയസ്സിന് താഴെയുള്ളവരുടെ കൂച്ച് ബിഹാർ ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കണ്ണൂർക്കാരനായ വരുൺ നായനാർ നയിക്കും. കേരള ടീമിലേക്ക് പുത്തൻ താരോദയമായി കണ്ണൂർക്കാരനായ ഷോൺ പച്ചയും തിരഞ്ഞെടുക്കപ്പെട്ടു. എലൈറ്റ് ഗ്രൂപ് ബിയിൽ ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ചണ്ഡീഗഢ്, സൗരാഷ്ട്ര എന്നീ ടീമുകളുമായിട്ടാണ് കേരളത്തിെൻറ മത്സരം.
2019ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ വരുൺ പുറത്താകാതെ 19 റൺസ് നേടിയിരുന്നു. ഇതാദ്യമായല്ല, വരുൺ കേരള ടീമിനെ നയിക്കുന്നത്. അണ്ടർ 14, അണ്ടർ 16 എന്നീ വിഭാഗങ്ങളിലും കേരളത്തെ വരുൺ നയിച്ചിട്ടുണ്ട്. 2016ൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉത്തരമേഖല അണ്ടർ 14 ക്രിക്കറ്റ് ടൂർണമെൻറിൽ കാസർകോടിനെതിരെ കണ്ണൂരിെൻറ വിജയത്തിൽ മിന്നുന്ന പ്രകടനവുമായിട്ടായിരുന്നു അരങ്ങേറ്റം.
വലം കൈയൻ ബാറ്റ്സ്മാനായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിെൻറയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടെയും മകനാണ്. വരുൺ നായനാർ ജനിച്ചത് പയ്യന്നൂരാണെങ്കിലും വളർന്നത് ദുബൈയിലാണ്. ഇതാദ്യമായാണ് ഷോൺ പച്ച സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഉത്തരമഖല ക്രിക്കറ്റ് അക്കാദമി അംഗമായിരുന്നു. 2019 നാഷനൽ സ്കൂൾ ഗെയിംസിൽ 17 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന സ്കൂൾ ടീം താരമായിരുന്നു. അണ്ടർ 14, അണ്ടർ 16, അണ്ടർ 19 ജില്ല ടീമിലെ സ്ഥിരസാന്നിധ്യമാണ്. ജില്ല ലീഗ് മത്സരങ്ങളിൽ ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചിരുന്നു. കണ്ണൂർ അഴീക്കോട് വൻകുളത്ത് വയലിൽ ഹരിതം വീട്ടിൽ സന്തോഷ് പച്ചയുടെയും സിന്ധുവിെൻറയും മകനാണ്. കണ്ണൂർ സെൻറ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ പന്ത്രണ്ടാം തരം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.