തലശ്ശേരി: നഗരമധ്യത്തിൽ തലയുയർത്തിനിൽക്കുന്ന ചിത്രവാണി തിയറ്ററും നഷ്ടസ്മൃതിയിലേക്ക്. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ചലച്ചിത്ര പ്രേമികളുടെ ഇഷ്ട വിനോദ കേന്ദ്രമായിരുന്നു ഈ തിയറ്റർ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി തിയറ്റർ അടഞ്ഞുകിടക്കുകയായിരുന്നു. വരുമാനം മുടങ്ങിയതോടെ ഉടമ തിയറ്റർ വിൽപന നടത്തി.
അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഒ.വി റോഡിലെ സൗകര്യപ്രദമായ ഈ തിയറ്റർ. ത്രീഡി, ഡോൾബി, ഡി.ടി.എസ് ശബ്ദ, വെളിച്ച സംവിധാനത്തിലൂടെ ആസ്വാദകർക്ക് ദൃശ്യവിസ്മയങ്ങൾ പകർന്നുനൽകിയ ഈ തിയറ്റർ ഇല്ലാതാകുന്നത് തലശ്ശേരിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. വടകരക്കാരായ പ്രവാസികളാണ് നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള ഈ സ്ഥാപനം വിലക്കുവാങ്ങിയത്. ഇവിടെ ഇനി ചലച്ചിത്ര പ്രദർശനത്തിനായി തിയറ്റർ നിലനിർത്തുമോ എന്നത് അവ്യക്തമാണ്. വീനസ്, മുകുന്ദ്, പ്രഭ, ലോട്ടസ്, പങ്കജ് തിയറ്ററുകൾക്ക് പിന്നാലെ ചിത്രവാണിയും ഓർമയാകുമോ എന്ന ഭയമാണ് തലശ്ശേരിക്കാർക്ക്.
1969ലാണ് ചിത്രവാണിയുടെ പിറവി. പത്തിലേറെ പാർട്ണർമാരുടെ സംയുക്ത സംരംഭമായ ഈ തിയറ്റർ ആദ്യകാലങ്ങളിൽ ഏറെ ലാഭകരമായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ ത്രീഡി വിസ്മയം പ്രേക്ഷകർ അനുഭവവേദ്യമാക്കിയത് ചിത്രവാണിയുടെ പ്രത്യേക സ്ക്രീനിലൂടെയായിരുന്നു. നഗരത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകർ ഈ ചിത്രം കാണാൻ ചിത്രവാണിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ചലച്ചിത്ര രംഗത്ത് തലശ്ശേരിക്കിത് ചരിത്രംതന്നെയായിരുന്നു. രണ്ടുമാസക്കാലം നിറഞ്ഞ സദസ്സിലായിരുന്നു കുട്ടിച്ചാത്തെൻറ റെേക്കാർഡ് പ്രദർശനം. സമീപകാലത്ത് ചലച്ചിത്ര മേഖലയിലുണ്ടായ മാറ്റവും തിയറ്ററുകളുടെ ആധുനികവത്കരണത്തോടെയും ചിത്രവാണിയിൽ കാണികൾ കുറഞ്ഞു. തലശ്ശേരിയിൽ നൂതന സംവിധാനങ്ങളോടുകൂടിയ ലിബർട്ടി തിയറ്റർ കോംപ്ലക്സ് മാത്രമാണ് ഇനിയുള്ളത്.
നടൻ ദിലീപിെൻറ ജാക്ക് ആൻഡ് ഡാനിയലാണ് ചിത്രവാണി തിയറ്ററിൽ അവസാനമായി പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.